ഓണ്‍ലൈനില്‍ പരസ്യക്കാലം !

വെള്ളി, 16 ജനുവരി 2009 (18:16 IST)
WD
ആഗോള മാന്ദ്യം വന്നത് ഓണ്‍-ലൈന്‍ പോര്‍ട്ടലുകള്‍ക്ക് കൊയ്ത്തുകാലമാവുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പരമ്പരാഗത മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായതാണ് പോര്‍ട്ടലുകള്‍ക്ക് ഗുണമാവുന്നത്.

കുറച്ച് കാലത്തേക്ക് വേണ്ടി പത്ര പരസ്യങ്ങള്‍ക്കും ടെലിവിഷന്‍ പരസ്യങ്ങള്‍ക്കും കൂടുതല്‍ തുക ചെലവിടുന്നതിനെക്കാള്‍ കുറഞ്ഞ തുക കൊണ്ട് കൂടുതല്‍ കാലം ഓണ്‍-ലൈനില്‍ പരസ്യം നിലനിര്‍ത്താനാവുമെന്നതാണ് ഇപ്പോള്‍ കമ്പനികളെ ആകര്‍ഷിക്കുന്നത്.

പത്രങ്ങളില്‍ ഒന്നോ രണ്ടോ ദിവസം മുഴുവന്‍ പേജ് പരസ്യം നല്‍കുന്നതിന് 18-20 ലക്ഷം രൂപയാണ് ചെലവിടേണ്ടിവരിക. ഇത് ടെലിവിഷനില്‍ 10 സെക്കന്‍ഡിന് നാല് ലക്ഷം രൂപ എന്ന നിരക്കിലാണ്. ഇതെല്ലാം മാറ്റി വച്ച് വെബിനെ കുറിച്ച് ചിന്തിച്ചാലോ? ഒരുമാസത്തെ പരസ്യത്തിന് 20-25 ലക്ഷം രൂപ മാത്രം! കമ്പനികള്‍ വെബ്ബിന്‍റെ പിന്നാലേ പാഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതുണ്ടോ.

കഴിഞ്ഞ ഒരു വര്‍ഷമായി സാമൂഹിക സൈറ്റുകളിലും ബ്ലോഗുകളിലും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതും കമ്പനികള്‍ക്ക് ആശ്വാസമാവുന്നു. കൂടുതലും യുവാക്കള്‍ വന്നെത്തുന്ന സൈറ്റില്‍ പരസ്യം നല്‍കുന്നതിലൂടെ ഗുണം ലഭിക്കുമെന്നും പരസ്യം നല്‍കുന്നവര്‍ തിരിച്ചറിയുന്നു.

വെബ്ദുനിയ വായിക്കുക