എല്ലാവര്‍ക്കും തരൂരിന്റെ നന്ദി...

ബുധന്‍, 21 ഏപ്രില്‍ 2010 (15:42 IST)
PRO
PRO
എല്ലാവര്‍ക്കും നന്ദി അറിയിച്ചൊക്കൊണ്ട് മുന്‍ കേന്ദ്ര വിദേശകാ‍ര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും ട്വിറ്ററിലെത്തി. കഴിഞ്ഞ നാലു ദിവസത്തെ മൌനത്തിന് ശേഷമാണ് തരൂര്‍ വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും, എല്ലാ വാക്കുകള്‍ക്കും നന്ദി. ഐ പി എല്‍ വിവാദത്തില്‍ തന്നെ വിചാരണ ചെയ്യുന്ന നിമിഷത്തില്‍ നിരവധി പേര്‍ പിന്തുണച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് അറിയിച്ചുക്കൊണ്ടാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനു പുറമെ, ഐ പി എല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച് പാര്‍ലിമെന്റില്‍ വിശദീരണം നല്‍കുന്നതിന്റെ വീഡിയോയുടെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ തരൂര്‍ ഡോട്ട് ഇന്നിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. തരൂരുമായി ബന്ധപ്പെട്ടുള്ള ഓരോ വിവാദങ്ങള്‍ സംബന്ധിച്ചുമുള്ള വിശദീകരണ വീഡിയോകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.

അതേസമയം, ട്വിറ്റര്‍ പേജില്‍ തരൂര്‍ ഇപ്പോഴും കേന്ദ്രമന്ത്രി തന്നെയാണ്. ഊണിലും ഉറക്കിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന ശശിതരൂര്‍ ഐ പി എല്‍ വിവാദം പുറത്തുവന്നതിന് ശേഷം ട്വിറ്റര്‍ സന്ദര്‍ശനം കുറച്ചിട്ടുണ്ട്. വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പ് മറ്റൊരു വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാലായിരിക്കും ട്വിറ്റര്‍ സേവനം കുറച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.

ഐ പി എല്‍ വിവാദത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം കൈവിട്ടപ്പോഴും ആശ്വസിപ്പിക്കാനെത്തിയത് ട്വിറ്റര്‍ സുഹൃത്തുക്കള്‍ മാ‍ത്രമായിരുന്നു. തരൂരിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച വാര്‍ത്ത വന്നതിന് ശേഷം തരൂരിനെ പിന്തുണച്ച് ലക്ഷക്കണക്കിന് ട്വീറ്റ്സാണ് വന്നത്.

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നു. ട്വിറ്റര്‍ വഴി നടത്തിയ തരൂരിന്റെ നിരവധി പ്രസ്താവനകള്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. തരൂരിനെ പിന്തുണച്ച് പ്രസ്താവനകളും അഭിപ്രായങ്ങളും ചര്‍ച്ചകളും കൊണ്ട് ഇന്റര്‍നെറ്റ് ലോകം ഇപ്പോഴും സജീവമാണ്.

ഇത് ആദ്യമായാണ് ഒരു സഹമന്ത്രിക്ക് ട്വിറ്ററില്‍ ഏറ്റവും വലിയ സ്ഥാനം ലഭിക്കുന്നത്. തരൂരുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്. തരൂരിന്റെ രാജി സംബന്ധിച്ച വിവരം വന്നതിന് തൊട്ടുപിന്നാലെ ട്വിറ്ററിലെ പത്ത് പ്രമുഖ തലക്കെട്ടുകളില്‍ തരൂര്‍ ഇടം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക