മരിച്ചുപോയവരെ കല്യാണം കഴിച്ചാല്‍ കുഴപ്പമുണ്ടോ?!

ചൊവ്വ, 23 ജനുവരി 2018 (18:06 IST)
മരിച്ചുപോയവരെ വിവാഹം കഴിക്കുന്നതിന് പോസ്തുമസ് മാര്യേജ്(മരണാനന്തര വിവാഹം) എന്നാണ് പറയുന്നത്. വിവാഹത്തിലെ ഒരു പങ്കാളി മരിച്ചുപോയ ആള്‍ ആയിരിക്കും. ഇത്തരത്തിലുള്ള വിവാഹം ഫ്രാന്‍സില്‍ നിയമവിധേയമാണ്. ഫ്രാന്‍സില്‍ മാത്രമല്ല, സുഡാനിലും ചൈനയിലും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 
മരണപ്പെട്ടുപോയവരെ വിവാഹം കഴിക്കുന്നതിന് ആ നാടുകളിലൊക്കെ വ്യക്തമായ കാരണവുമുണ്ട്. പലതും വളരെ വൈകാരികമായിരിക്കും. തങ്ങളുടെ മക്കളുടെ ജനനത്തിന്‍റെ നിയമസാധുതയ്ക്കായി ഫ്രാന്‍സില്‍ സ്ത്രീകള്‍ പോസ്തുമസ് മാര്യേജ് നടത്താറുണ്ടത്രേ. മരിച്ചുപോയ ആളോടുള്ള അതിവൈകാരികമായ സ്നേഹവും ഇത്തരം വിവാഹങ്ങള്‍ക്ക് കാരണമാകുന്നു. 
 
ഒന്നാം ലോക മഹായുദ്ധകാലത്ത് മരിച്ച സൈനികരെ ആഴ്ചകള്‍ക്ക് ശേഷം ഫ്രാന്‍സിലെ യുവതികള്‍ വിവാഹം കഴിച്ചതാണ് ഇത്തരം വിവാഹങ്ങളുടെ തുടക്കം. ഫ്രാന്‍സില്‍ നിന്ന് മറ്റൊരു കഥയും കേള്‍ക്കുന്നുണ്ട്. ഐറിന്‍ ജൊദാര്‍ദ് എന്ന യുവതിയും ആന്‍ഡ്രു കാപ്ര എന്ന യുവാവും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് ഒരു അണക്കെട്ട് പൊട്ടി നാനൂറിലധികം പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ആന്‍ഡ്രു ആയിരുന്നു. തനിക്ക് ആന്‍ഡ്രുവിനെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഐറിന്‍ ഫ്രഞ്ച് പ്രസിഡന്‍റിനെ സമീപിച്ചു. ഫ്രാന്‍സിലെ മാധ്യമങ്ങളെല്ലാം ഐറിനെ പിന്തുണച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഐറിനും മരണപ്പെട്ട ആന്‍ഡ്രുവും തമ്മിലുള്ള വിവാഹം നടന്നു! 
 
ഈ സംഭവത്തിന് ശേഷം പോസ്തുമസ് മാര്യേജ് ഫ്രാന്‍സ് നിയമപരമായി അംഗീകരിച്ചു. കര്‍ശനമായ വ്യവസ്ഥകള്‍ ഇത്തരം കല്യാണങ്ങള്‍ക്ക് ഫ്രാന്‍സ് മുന്നോട്ടുവയ്ക്കുന്നുണ്ടെന്നുമാത്രം. ആര്‍ക്കുവേണമെങ്കിലും പോസ്തുമസ് മാര്യേജിന് അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ടത് ഫ്രഞ്ച് പ്രസിഡന്‍റിനാണ്. പ്രസിഡന്‍റ് ഈ അപേക്ഷ ജസ്റ്റിസ് മിനിസ്റ്റര്‍ക്ക് കൈമാറും. ജസ്റ്റിസ് മിനിസ്റ്റര്‍ ഇത് അപേക്ഷിക്കുന്നയാളുടെ സ്ഥലത്തെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറും. 
 
സംഗതി കൊള്ളാമല്ലോ, മരിച്ചുപോയ ആളുടെ സ്വത്തുവകകളൊക്കെ അടിച്ചുമാറ്റാമല്ലോ എന്നൊക്കെയാണ് ചിന്തയെങ്കില്‍ അതൊന്നും നടക്കില്ല. മരണപ്പെട്ട ആളുടെ സ്വത്തോ പണമോ ഒന്നും മരണശേഷം അയാളെ വിവാഹം ചെയ്തയാള്‍ക്ക് ലഭിക്കില്ല. 
 
ചൈനയില്‍ ഗോസ്റ്റ് മാര്യേജ് എന്നാണ് ഇത്തരം വിവാഹങ്ങള്‍ അറിയപ്പെടുന്നത്. സുഡാനിലും ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍