രുപാല്‍ നെയ്‌ നദിയൊഴുകുന്നിടം...

WDWD
നിങ്ങള്‍ എപ്പോഴെങ്കിലും ജലത്തിന് പകരം നെയ്യ് ഒഴുകുന്ന നദി കണ്ടിട്ടുണ്ടോ? ഈ ചോദ്യത്തിന് തീര്‍ച്ചയായും “ഇല്ല” എന്ന മറുപടി ആയിരിക്കും നിങ്ങള്‍ക്ക് ഉള്ളത്. രാമന്‍റെ കാലത്ത് പാലും നെയ്യും പുഴയായി ഒഴുകിയിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു തന്നിട്ടുള്ള കഥകളില്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍, നമുക്ക് ഇത്തരമൊരു നദി ഗുജറാത്തിലെ രുപാല്‍ ഗ്രാമത്തില്‍ കാണാന്‍ കഴിയും! ദേവീ വിശ്വാസത്തിന്‍റെ പേരില്‍ ആറ് ലക്ഷം കിലോഗ്രാമില്‍ അധികം നെയ്യ് പൂജയ്ക്കായി അര്‍പ്പിക്കുന്ന ഈ ഗ്രാമത്തിലേക്കാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരമ്പരയില്‍ ഈ ആഴ്ച നാം പോവുന്നത്.

രൂപാല്‍ ഗ്രാമത്തില്‍ പരമ്പതാഗത ആചാരമനുസരിച്ചുള്ള നെയ് സമര്‍പ്പണത്തിന് 10 ലക്ഷം രൂപയില്‍ അധികമാണ് ചെലവിടുന്നത്. എല്ലാവര്‍ഷവും നവരാത്രിയുടെ അവസാന ദിനത്തിലാണ് ഗുജറാത്തിലെ രൂപാല്‍ ഗ്രാമക്കാര്‍ മാതാ ആദി ശക്തി വരദായിനിയുടെ “പാല്ലി മഹോത്സവം” ആഘോഷിക്കുന്നത്. ഈ ആഘോഷത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ മാതാവിന് നെയ്യ് അര്‍പ്പിക്കുന്നു. നെയ്യ് സമര്‍പ്പിക്കുന്നതിലൂടെ ആഗ്രഹപൂര്‍ത്തീകരണം നടക്കുമെന്നാണ് വിശ്വാസം. ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രങ്ങള്‍ നെയ്യില്‍ മുങ്ങുക പതിവാണ്. പക്ഷേ, ഇത്തരത്തില്‍ വസ്ത്രത്തില്‍ പുരളുന്ന നെയ്യ് വെള്ളത്തില്‍ കഴുകിയാല്‍ ഉടന്‍ അപ്രത്യക്ഷമാവുമെന്നാണ് ഭക്തരുടെ പക്ഷം. ഇതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാനായി ഞങ്ങള്‍ രൂപാലിലേക്ക് പോയി.

WDWD
ഞങ്ങള്‍ ഗ്രാമത്തിലെത്തിയപ്പോള്‍ വളരെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉത്സവത്തിനായി ഇവിടെ 10 ലക്ഷം ഭക്തര്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായി ഗ്രാമത്തലവന്‍ ഞങ്ങളോട് പറഞ്ഞു. ഉത്സവ ഘോഷയാത്ര രാത്രി 12:00 ന് തുടങ്ങേണ്ടതിന് പകരം ഉച്ചയ്ക്ക് 3.30ന് ആയിരിക്കും ആരംഭിക്കുകയെന്ന് ഞങ്ങള്‍ക്ക് സൂചന ലഭിച്ചു. “ഖീച്ര” എന്ന പരമ്പരാഗത വിഭവം ഉണ്ടാക്കുന്നതില്‍ വന്ന താമസമാണത്രേ ഉത്സവ ഘോഷയാത്ര താമസിക്കാന്‍ കാരണമായത്. ഗ്രാമത്തില്‍ 27 കവലകളിലും നെയ്യ് നിറച്ച ടാങ്കുകള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ദേവിക്കായി ഭക്തര്‍ ബക്കറ്റുകള്‍ നിറച്ചാണ് നെയ്യ് എത്തിച്ചുകൊണ്ടിരിക്കുന്നത്.

WDWD
കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം കിലോഗ്രാം നെയ്യാണത്രേ ദേവിക്കായി അര്‍പ്പിച്ചത്. ഇത് ഇത്തവണ ആറ് ലക്ഷം കിലോഗ്രാം ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വരദായിനി ദേവസ്ഥാനം ട്രസ്റ്റിലെ അംഗം നിതിന്‍ ഭായ് പട്ടേല്‍ ഞങ്ങളോട് പറഞ്ഞു.

ദേവിക്ക് അര്‍പ്പിക്കുന്ന നെയ്ക്ക് അപൂര്‍വ്വ ശക്തികളുണ്ടെന്നാണ് കരുതുന്നത്. കുട്ടികളെ ബാധിച്ചിരിക്കുന്ന ചീത്ത ശക്തികള്‍ വിട്ടൊഴിയാന്‍ ഈ നെയ്യ് പുരട്ടിയാല്‍ മതി എന്ന് വിശ്വസിക്കുന്നു. വരദായിനിയുടെ അനുഗ്രഹം ഈ നെയ്യ് സേവിച്ചാല്‍ ഉണ്ടാവുമെന്ന വിശ്വാസത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് ഇവിടെയെത്തുന്നത്. കുട്ടികളില്ലാത്തവര്‍ ദേവിക്ക് നെയ്യ് അര്‍പ്പിച്ചാല്‍ സന്താന ഭാഗ്യമുണ്ടാവും എന്നും വിശ്വസിക്കുന്നു.

ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് നദിയുടെ രൂപം പൂണ്ട് രൂപാല്‍ ഗ്രാമത്തിലൂടെ ഒഴുകും. ഇത് ആഘോഷങ്ങള്‍ക്ക് ശേഷം വൃത്തിയാക്കാനുള്ള അവകാശം വാല്‍‌മീകി സമുദായത്തിനാണ്. ഇവര്‍ നെയ്യ് വൃത്തിയാക്കിയ ശേഷം വില്‍ക്കുന്നു.

WDWD
ചില ആള്‍ക്കാര്‍ ഈ ആഘോഷത്തെ ഒരു പാരമ്പര്യമായി കാണുന്നു. എന്നാല്‍, മറ്റു ചിലര്‍ ഇതിനെ വെറും അന്ധവിശ്വാസമായാണ് കാണുന്നത്. ‘ആഘോഷത്തിനായി പാഴാക്കുന്ന നെയ്യ് പാവങ്ങളുടെ ആവശ്യത്തിനായി വിനിയോഗിച്ചാല്‍ അവരുടെ അനുഗ്രഹം ഉണ്ടാവും”-ആഘോഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന “പാല്ലി പരിവര്‍ത്തന്‍ അഭിയാന്‍” സ്ഥാപകന്‍ ലോകേഷ് ചക്രവര്‍ത്തി അഭിപ്രായപ്പെടുന്നു. ഈ നെയ്യ് വിറ്റഴിച്ച് ആശുപത്രി, വായനശാല, പാഠശാല എന്നിവ തുടങ്ങാമെന്ന ആശയവും ഇദ്ദേഹത്തിന്‍റെതായുണ്ട്. എന്നാല്‍, ഇതിനെ എതിര്‍ക്കുന്ന ഗ്രാമീണര്‍ ഇദ്ദേഹത്തെ ‘ലങ്കയിലെ രാവണന്‍’ എന്നാണ് വിളിക്കുന്നത്.

WDWD
ഞങ്ങള്‍ ലോകേഷ് ചക്രവര്‍ത്തിയെ അംഗീകരിക്കുന്നു. പുരാണങ്ങളില്‍ പറയുന്നതെല്ലാം സത്യമാവണമെന്നില്ല. അവയെ കുറിച്ച് ആലോചിച്ച ശേഷമേ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാവൂ-ഗൌതമ ബുദ്ധന്‍ പറഞ്ഞു. ഇത് തന്നെയാണ് വായനക്കാരോട് ഞങ്ങളുടെ അഭ്യര്‍ത്ഥനയും. വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ ഒരു മിനിറ്റിന്‍റെ അന്തരമേ ഉണ്ടാവൂ. അതിനാല്‍, ഇവ തമ്മിലുള്ള വ്യത്യാസം അറിയാന്‍ ശ്രമിക്കൂ.

പുരാണം

നാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ പാണ്ഡവര്‍ ദ്രൌപതിക്ക് ഒപ്പം ഈ ഗ്രാമത്തില്‍ വച്ച് മാതാ വരദായിനി ദേവിക്ക് മുന്നില്‍ “അജ്ഞാത വാസം” പ്രശ്നമൊന്നും കൂടാതെ പൂര്‍ത്തിയാക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തി. ഒരു വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പാണ്ഡവര്‍ ദേവിക്ക് നെയ്യ് അര്‍പ്പിച്ചു. ഇതെ തുടര്‍ന്ന് ഗ്രമീണര്‍ എല്ലാ വര്‍ഷവും ഈ ആചാരം തുടരുന്നു.

WDWD
ബാര്‍ബര്‍മാരാണ് ഘോഷയാത്രയ്ക്കായി ദേവിയുടെ വാഹനം ഒരുക്കുന്നത്. കുശവന്‍‌മാര്‍ മണ്ണ് കൊണ്ടുള്ള എട്ട് കുടങ്ങള്‍ നിമ്മിച്ച് ഈ വാഹനത്തില്‍ വയ്ക്കുന്നു. പൂന്തോട്ട പണിക്കാര്‍ പൂക്കള്‍ കൊണ്ട് ദേവീ വാഹനം അലങ്കരിക്കുന്നു. എല്ലാവര്‍ഷവും ദേവിക്കായി പ്രത്യേക വാഹനമൊരുക്കും. എന്നാല്‍, ഈ വാഹനത്തില്‍ ഒരു ആണി പോലും ഉപയോഗിക്കില്ല എന്നതാണ് പ്രത്യേകത. ഈ സമയം തന്നെ പ്രധാന ജ്യോതിഷി മഴയെ കുറിച്ചുള്ള പ്രവചനവും നടത്തും. ഈ വര്‍ഷം ആവശ്യത്തിനുള്ള മഴ ലഭിക്കുമെന്നാണ് സൈലേഷ് ഭണ്ഡാദി എന്ന ജോതിഷി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം നടത്തിയ പ്രവചനം ശരിയായിരുന്നു എന്ന് ഗ്രാമീണര്‍ സാക്‍ഷ്യപ്പെടുത്തുന്നു.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക