ഗായ് ഗൌരി: വിശ്വാസമോ അന്ധവിശ്വാസമോ?

WDWD
മഹത്തായ പാരമ്പര്യം ഉള്ള നാടാണ് ഭാരതം. പരം‌പുരാണങ്ങളും വിശ്വാസങ്ങളുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന നാട്. എന്നാല്‍ ഈ വിശ്വാസങ്ങള്‍ അന്ധമാവുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇപ്രാവശ്യത്തെ വിശ്വസിച്ചാലും ഇല്ലങ്കിലും എന്ന പരമ്പരയില്‍ ഇത്തരം ഒരു വിശ്വാസത്തെ ആണ് വെബ്‌ദുനിയ പരിചയപ്പെടുത്തുന്നത്.

മധ്യപ്രദേശിലെ ‘ജാബുവ’ ഗോത്ര മേഖലയില്‍ നിലനില്‍ക്കുന്ന ‘ഗായ് ഗൌരി’ യെ കുറിച്ചാണ് വിശദീകരിക്കുന്നത്. പശുവുമായി ബന്ധപ്പെട്ട ആചാരമാണിത്.

ഭാരതത്തില്‍ പശുവിനെ മാതാവായാണ് പരിഗണിക്കുന്നത്. ഗോമാതാവിനെ ജനങ്ങള്‍ പൂജിക്കുകയും പരിചരിക്കുകയുമൊക്കെ ചെയ്യുന്നു. ഗോത്ര മേഖലകളില്‍ ഇപ്പോഴും നിരവധി ആള്‍ക്കാരുടെ ജീവനോപാധി തന്നെ കാലി വളര്‍ത്തലാണ്. ജാബുവയിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ ഗോമാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനാണ് ‘ഗായ് ഗൌരി’ ആഘോഷിക്കുന്നത്.

ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗായ് ഗൌരി ആഘോഷം.ആഘോഷവുമായി ബന്ധപ്പെട്ട് ഗ്രാമീണര്‍ കാലികളെ കുളിപ്പിച്ച് അലങ്കരിക്കുന്നു. തുടര്‍ന്ന് കന്നുകാലികളെ കൂട്ടത്തോടെ ഗോവര്‍ദ്ധന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്ഷേത്രത്തിന് ചുറ്റും കാലികളെ കൊണ്ട് അഞ്ച് തവണ വലം വയ്പ്പിക്കുന്നു. ‘പരികര്‍മ’ എന്നാണ് ഇതറിയപ്പെടുന്നത്. എന്നാല്‍, ഇവിടെയാണ് കാഴ്ചക്കാരില്‍ അത്ഭുതവും സംഭ്രമവും വളര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നത്.
WDWD


ക്ഷേത്രത്തിന് ചുറ്റും കാലികള്‍ വലം വയ്ക്കുമ്പോള്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ നിലത്തു കിടക്കുകയും കാലികള്‍ ഇവരുടെ ശരീരത്തിലൂടെ കടന്നു പോകുന്നതുമാണ് സംഭ്രമം ജനിപ്പിക്കുന്നത്. ഗോമാതാവിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായാണ് ഗോത്രവര്‍ഗ്ഗക്കാര്‍ ഇതു ചെയ്യുന്നത്.

കുടുംബത്തിന്‍റെ ഐശ്വര്യത്തിനും സമാധാനത്തിനുമായാണ് ഗോത്രവര്‍ഗ്ഗക്കാര്‍ വിചിത്രമായ ഈ ആചാരം പിന്തുടരുന്നത്. ഈ ആചാരം അനുഷ്ഠിക്കും മുന്‍പ് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഒരു ദിവസത്തെ വ്രതമെടുക്കേണ്ടതുണ്ട്.



ഫോട്ടോഗാലറി കാണുക

WDWD
കാലികള്‍ ശരീരത്തിലൂടെ കടന്ന് പോകുമ്പോള്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. എന്നാല്‍, ഇതൊന്നും ഗോത്രവര്‍ഗ്ഗക്കാരുടെ ആവേശം കെടുത്തുന്നില്ല. എല്ലാ വര്‍ഷവും ഈ ആചാ‍രം അനുഷ്ഠിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ആചാരം അനുഷ്ഠിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരു ക്ലേശവും അനുഭവിക്കേണ്ടി വരില്ലെന്ന് ഗോവര്‍ദ്ധന ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അടിയുറച്ച വിശ്വാസമാണ് ഈ ആചാരത്തിലുള്ളത്. പശുവിന്‍റെ പാദത്തില്‍ സ്പര്‍ശിക്കുന്നത് സ്വന്തം മാതാവിന്‍റെ പാദത്തില്‍ സ്പര്‍ശിക്കുന്നതിന് തുല്യമാണെന്നാണ് ഇവര്‍ കരുതുന്നത്. ഗോമാതാവിന്‍റെ അനുഗ്രഹത്തിനായി എന്ത് വേദന സഹിക്കാനും ഇവര്‍ തയാറാകുന്നു.

എന്നാല്‍, ചിലര്‍ തമാശയ്ക്കായി പശുക്കളുടെ കൂട്ടത്തില്‍ കാളകളെയും ഉള്‍പ്പെടുത്തുന്നതാണ് ആചാ‍രത്തിന്‍റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ചിലപ്പോള്‍ പശുക്കളുടെ വാലില്‍ പടക്കവും കെട്ടിയിടുന്നു. അനുഗ്രഹം തേടി എത്തുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ മൂക്കറ്റം മദ്യപിച്ച അവസ്ഥയിലായിരിക്കും എന്നതും ആപത് സാധ്യത കൂട്ടുന്നു.
WDWD


അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി എല്ലാ വര്‍ഷവും പൊലീസിനെ വിന്യസിക്കാറുണ്ട്. എന്നാല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ അന്ധമായ വിശ്വാസത്തിന്‍റെ മുന്നില്‍ ഇവയൊന്നും പ്രയോജനമില്ലാതായി തീരുന്നു.

ഇത്തരം ആചാരങ്ങളോട് നിങ്ങളുടെ അഭിപ്രായം എന്താണ്. ഇവര്‍ക്ക് ഗോമാതാവിന്‍റെ അനുഗ്രഹം ലഭിക്കാറുണ്ടോ അതോ ഇത് വെറും അന്ധവിശ്വാസം മാത്രമോ?... ഞങ്ങള്‍ക്കെഴുതുക.