എൻ്റെ എല്ലാം ഞാൻ നൽകുന്നുണ്ട്, ടീമിൻ്റെ പ്രകടനത്തിൽ നിരാശയുണ്ട്, ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്ന് അശ്വിൻ

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (18:24 IST)
R Ashwin about poor performance and playing in CSK
ഐപിഎൽ 2025 സീസണിലെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രകടനത്തിൽ തനിക്ക് വിഷമമുണ്ടെന്നും പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും വെളിപ്പെടുത്തി ചെന്നൈ സ്പിന്നർ രവിചന്ദ്ര അശ്വിൻ. സീസണിൽ അശ്വിനടക്കമുള്ള പല ചെന്നൈ താരങ്ങളുടെയും പ്രകടനങ്ങളിൽ ആരാധകർ വിമർശനമുന്നയിച്ചിരുന്നു. അവസാന സ്ഥാനക്കാരായാണ് ഇത്തവണ ചെന്നൈ സീസൺ അവസാനിപ്പിച്ചത്. ഇതിനിടെ അശ്വിൻ ചെന്നൈ ടീം വിടണമെന്ന ചില ആരാധകരുടെ ആവശ്യത്തോട് കൂടി പ്രതികരിക്കുകയായിരുന്നു അശ്വിൻ.
 
 ഇഷ്ടത്തോടെ തന്നെ പറയുകയാണ്, ദയവായി ചെന്നൈ കുടുംബം വിടണം എന്നായിരുന്നു ഒരു ആരാധകൻ്റെ അഭ്യർഥന. എന്നാൽ താൻ ഈ ടീമിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ടീമിൻ്റെ മോശം പ്രകടനത്തിൽ ആരാധകരെ പോലെ തനിക്കും വിഷമമുണ്ടെന്നും അശ്വിൻ പറഞ്ഞു. ഞാൻ ഈ സീസണിൽ കഠിനാധ്വാനം നടത്തി.എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നറിയാം. പവർ പ്ലേയിൽ ധാരാളം റൺസ് വഴങ്ങി. അടുത്ത സീസണിൽ ബൗളിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകും. അതല്ല ബാറ്റിങ്ങാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് ചെയ്യും. 2009 മുതൽ 7 വർഷം ഞാൻ ചെന്നൈക്കായി കളിച്ചു.

ടീമിൻ്റെ ഉയർച്ച കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിഷമിക്കുന്നത് ഇതാദ്യമായാണ്.അശ്വിൻ പറഞ്ഞു. 2025ലെ ഐപിഎൽ താരലേലത്തിൽ 9.75 കോടി മുടക്കിയാണ് അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്. 9 മത്സരങ്ങൾ സീസണിൽ കളിച്ചെങ്കിലും ആകെ 7 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ബാറ്റ് കൊണ്ട് 33 റൺസ് മാത്രമാണ് താരം ആകെ നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍