ഐപിഎല്ലിലെ നാലാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ആര്‍സിബി വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങുന്നത്. ഇതിനു മുന്‍പ് 2009, 2011, 2016 വര്‍ഷങ്ങളിലാണ് ആര്‍സിബി ഫൈനല്‍ കളിച്ചത്. മൂന്ന് ഫൈനലുകളിലും തോല്‍വി വഴങ്ങി. 2025 ല്‍ സമാനമായൊരു 'ഹാര്‍ട്ട് ബ്രേക്ക്' വഴങ്ങേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയിലാണ് ആര്‍സിബി ആരാധകര്‍ ഇപ്പോള്‍.
2009 ലെ ഫൈനലില്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനോടു ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ആര്‍സിബി കിരീടം നഷ്ടമാക്കിയത്. 2011 ലേക്ക് എത്തിയപ്പോള്‍ ഫൈനലില്‍ എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കൂറ്റന്‍ സ്‌കോറെടുത്തപ്പോള്‍ ആര്‍സിബി തോറ്റത് 58 റണ്‍സിന്. വിരാട് കോലി സംഹാരതാണ്ഡവം ആടിയ 2016 സീസണില്‍ ആര്‍സിബി ഏറെക്കുറെ കപ്പ് ഉറപ്പിച്ച ശേഷമാണ് ഫൈനലില്‍ നാടകീയമായി തോറ്റത്. അന്ന് വില്ലന്‍മാരായത് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. എട്ട് റണ്‍സിനായിരുന്നു അന്നത്തെ ഫൈനല്‍ തോല്‍വി.
മുന്‍പ് ഫൈനല്‍ കളിച്ച സീസണുകളെ വെച്ച് നോക്കുമ്പോള്‍ ഇത്തവണ ആര്‍സിബി ടീം കൂടുതല്‍ സന്തുലിതമാണ്. ഒറ്റയാള്‍ പ്രകടനങ്ങള്‍ക്കപ്പുറം ടീമിലെ എല്ലാവരും വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഈ സീസണിലെ എല്ലാ എവേ മത്സരങ്ങളും ജയിച്ച് ഐപിഎല്ലിലെ ചരിത്രം കുറിച്ചാണ് ആര്‍സിബിയുടെ 'റോയല്‍' പ്ലേ ഓഫ് എന്‍ട്രി. 2012 ല്‍ എട്ട് എവേ മത്സരങ്ങളില്‍ ഏഴിലും ജയിച്ച കൊല്‍ക്കത്ത, മുംബൈ എന്നീ ടീമുകളെ വിജയശതമാനത്തില്‍ ആര്‍സിബി പിന്തള്ളി. ഈ സീസണില്‍ ഏഴ് എവേ മത്സരങ്ങള്‍ കളിച്ച ആര്‍സിബി ഏഴിലും ജയിച്ചു.