ഒരൊറ്റ ദുഖം മാത്രം, കൊൽക്കത്തയിൽ നായകനായിട്ടും അവനെ വേണ്ട വിധത്തിൽ ഉപയോഗിക്കാനായില്ല: ഗംഭീർ

അഭിറാം മനോഹർ

ചൊവ്വ, 14 മെയ് 2024 (20:39 IST)
Sky KKR
ഗൗതം ഗംഭീര്‍ ടീം മെന്ററായി എത്തിയതോടെ ഐപിഎല്ലില്‍ അത്ഭുതങ്ങളാണ് ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്യുന്നത്. 12 മത്സരങ്ങളില്‍ നിന്നും 18 പോയന്റുകള്‍ സ്വന്തമാക്കി പ്ലേ ഓഫില്‍ ആദ്യമായി സ്ഥാനമുറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഇത്തവണ സാധിച്ചിരുന്നു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്,സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനങ്ങളാണ് കൊല്‍ക്കത്തയുടെ കുതിപ്പിന് കാരണമായതെങ്കിലും ഇതിനെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം നരെയ്‌നെ വീണ്ടും ഓപ്പണിംഗില്‍ കൊണ്ടുവന്ന ഗൗതം ഗംഭീറായിരുന്നു.
 
 നായകനെന്ന നിലയില്‍ കൊല്‍ക്കത്തയെ 2 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് ഗൗതം ഗംഭീറായിരുന്നു. നായകനെന്ന നിലയില്‍ ഒരു ഇതിഹാസ പരിവേഷമാണ് അതിനാല്‍ ഗംഭീറിനുള്ളത്. ഈ കാലയളവിലായിരുന്നു ഒരു ഓപ്പണിംഗ് താരമെന്ന രീതിയില്‍ സുനില്‍ നരെയ്ന്‍ വളരുന്നതും. ഇത്തവണ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതിന് പിന്നിലെ ഒരു കാരണവും ഗംഭീറാണ്. കൊല്‍ക്കത്തയ്ക്കായി ഇത്രയേറെ നേടിയെങ്കിലും ഇപ്പോഴും ഒരു കാര്യത്തില്‍ തനിക്ക് ദുഖമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ തുറന്ന് പറച്ചില്‍. നായകനെന്ന നിലയില്‍ സഹതാരങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മാച്ച് വിന്നര്‍മാരായി വളര്‍ത്തിയെടുക്കുകയുമാണ് പ്രധാനം.
 
7 വര്‍ഷത്തെ എന്റെ ക്യാപ്റ്റന്‍സിയില്‍ എനിക്കുണ്ടായ ദുഖം എന്നത് അന്ന് കൊല്‍ക്കത്തയുടെ താരമായിരുന്ന സൂര്യകുമാര്‍ യാദവിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ല എന്നതിനാലാണ്. അവനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ എനിക്കോ ടീമിനോ സാധിച്ചില്ല. കോമ്പിനേഷനിലെ പ്രശ്‌നങ്ങള്‍ കാരണം സൂര്യയ്ക്ക് ടോപ് ഓര്‍ഡറില്‍ വേണ്ടത്ര കളിപ്പിക്കാനായില്ല. മൂന്നാം നമ്പറില്‍ ഒരാളെ മാത്രമെ കളിപ്പിക്കാനാകു. ക്യാപ്റ്റനെന്ന നിലയില്‍ മറ്റ് 10 പേരുടെ കാര്യങ്ങളും ഞാന്‍ നോക്കേണ്ടതുണ്ട്.

സൂര്യയെ കൊല്‍ക്കത്തയില്‍ മൂന്നാമനായി കളിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാണാമായിരുന്നു. അവന്‍ ഏഴാമനായി കളിച്ചപ്പോഴും മികച്ച പ്രകടനങ്ങളാണ് നല്‍കിയത്. ആറാമതോ ഏഴാമതോ ഇറക്കിയാലും പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കിലും അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മാത്രമെ അവന്‍ നേരിട്ടിരുന്നുള്ളൂ. ടീമിനായി ഏത് സമയത്തും കളിക്കാന്‍ അവന്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് അവനെ വൈസ് ക്യാപ്റ്റനാക്കിയത്. ഗംഭീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍