തൊട്ടാൽ തീ പാറും, കൊച്ചേട്ടൻ വേറെ മൂഡിലാണ്: ഐപിഎല്ലിൽ തകർത്തടിച്ച് രഹാനെ വേർഷൻ 2

തിങ്കള്‍, 17 ഏപ്രില്‍ 2023 (20:17 IST)
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരു കാലത്തും വലിയ സ്വാധീനം ഉയർത്തിയ താരമല്ല അജിങ്ക്യ രഹാനെ എന്ന ക്രിക്കറ്റ് ആരാധകരുടെ കൊച്ചേട്ടൻ. ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക താരമാണെങ്കിലും ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനങ്ങൾ നടത്താൻ ഇതുവരെയും രഹാനെയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ധോനിയുടെ നായകത്വത്തിന് കീഴിൽ 2023 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയതോട് കൂടി ഇതുവരെ കാണാനാവാത്ത അജിങ്ക്യ രഹാനെയെയാണ് ആരാധകർക്ക് കാണാനാവുന്നത്.
 
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിലാണ് രഹാനെ വേർഷൻ 2 തകർത്താടിയത്. തൻ്റെ പതിവ് രീതികൾ വിട്ട് തകർത്താടിയ രഹാനെ 27 പന്തിൽ നിന്നും 61 റൺസ് നേടിയാണ് പുറത്തായത്. ക്ലാസിക് ഷോട്ടുകളാൽ സമ്പന്നമായ ഇന്നിങ്ങ്സിൽ ഒരിക്കൽ പോലും യാതൊരു പതർച്ചയും രഹാനെ കാണിച്ചില്ല. ക്രീസിലെത്തിയാൽ അക്രമണം അഴിച്ചുവിടുന്ന പുതിയ മോൾഡിലാണ് താരത്തിൻ്റെ പ്രകടനം തന്നെ. ആർസിബിക്കെതിരെ ഇന്ന് 20  പന്തിൽ 37 റൺസുമായി താരം തിളങ്ങിയപ്പോൾ ഈ സീസണിൽ 180ന് മുകളിലുള്ള സ്ട്രൈക്ക്റേറ്റിൽ 3 മത്സരങ്ങളിൽ നിന്നും താരം നേടിയത് 129 റൺസ്.
 
2008 മുതൽ 2022 വരെയുള്ള ഒരു സീസണിലും താരത്തിൻ്റെ സ്ട്രൈക്ക്റേറ്റ് 130ന് മുകളിൽ പോയിട്ടില്ല എന്ന് പരിഗണിക്കുമ്പോൾ മാത്രമെ പുതിയ അപ്ഡേറ്റഡ് രഹാനെ വേർഷനിലെ ഫീച്ചറുകളെ പറ്റി ആരാധകർക്ക് മനസിലാക്കാനാകു. ക്ലാസി ഷോട്ടുകളിലൂടെ തുടക്കത്തിൽ തന്നെ ബൗളർമാർക്ക് മുകളിൽ സമ്മർദ്ദം നിറയ്ക്കുന്ന രഹാനെ ചെന്നൈ ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍