ഐപിഎല്‍ രണ്ടാം എഡിഷനിലെ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക വേദിയാവും. ഏപ്രില്‍ 18 ന് തുടങ്ങുന്ന പരമ്പരയിലെ മൊത്തം 59 മത്സരങ്ങള്‍ ആറ് വേദികളിലായാണ് നടക്കുകയെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി.
ഇന്ത്യന്‍ സമയം വൈകിട്ട് നാലിനും രാത്രി എട്ടിനും എന്ന കണക്കില്‍ ദിവസേന രണ്ട് മത്സരങ്ങള്‍ വീതമായിരിക്കും നടക്കുക.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ഐപിഎല്ലിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് വിദേശ വേദി തെരഞ്ഞെടുക്കേണ്ടി വന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് വേദികളായി പരിഗണിച്ചിരുന്നത്.
ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവസാനം ദക്ഷിണാഫ്രിക്ക തന്നെ വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. വിദേശ വേദികളില്‍ കളിക്കാന്‍ എത്തുന്നതു മൂലം ടീമുകള്‍ക്ക് ഉണ്ടാവുന്ന അധിക ചെലവ് ഐപിഎല്‍ വഹിക്കുമെന്ന് ചെയര്‍മാന്‍ ലളിത് മോഡി അറിയിച്ചിട്ടുണ്ട്.