ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയ ഇക്കൊല്ലത്തെ ഐപിഎല്‍ മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ 18ന് കേപ് ടൌണിലാണ് ഉദ്ഘാടന മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മെയ് 24 ന് ജോഹന്നാസ്ബെര്‍ഗിലായിരിക്കും സമാപനം.
കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യമത്സരം. തുടര്‍ന്ന് കഴിഞ്ഞ കൊല്ലത്തെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഈ മത്സരവും കേപ് ടൌണില്‍ തന്നെയാകും നടക്കുക.
എട്ട് നഗരങ്ങളിലായാണ് ടൂര്‍ണമെന്‍റിലെ 59 കളികള്‍ നടക്കുക. കേപ്ടൌണും ജോഹന്നാസ് ബെര്‍ഗും കൂടാതെ ഡര്‍ബന്‍, പ്രിട്ടോറിയ, ഈസ്റ്റ് ലണ്ടന്‍, കിമ്പെര്‍ലെ, ബ്ലോയേം ഫോണ്ടീന്‍, പോര്‍ട്ട് എലിസബത്ത് തുടങ്ങിയ നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുക.
ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള ഡര്‍ബനില്‍ പതിനാറ് മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രിട്ടോറിയയില്‍ 12 മത്സരങ്ങള്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് നാല് മുതല്‍ എട്ട് വരെയായിരിക്കും മത്സരങ്ങള്‍.