യമനിലെ വ്യോമാക്രമണം: ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (14:13 IST)
യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് ലഭിക്കുന്ന വിവരം. ഒരാളെ കുറിച്ച് വിവരമില്ല, ഇയാളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് അൽ ഹുദെയ്ദ തുറമുഖത്ത് എണ്ണകടത്തികൊണ്ടു പോകുന്ന ബോട്ടുകൾക്കു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയത്. ഈ സമയം രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാര്‍ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ആക്രമണത്തില്‍ ബോട്ട് തകര്‍ന്നെങ്കിലും 14 പേർ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ നാലു പേർ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
20 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ 13 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഏഴുപേരെ കാണാതായിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചിരുന്നു. കാണാതായവർക്കു വേണ്ടി തിരച്ചിൽ നടത്തിവരികയായിരുന്നു.