മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച് വിവാദത്തില്‍ അകപ്പെട്ട വാഹനങ്ങളെല്ലാം ജനുവരിയില്‍ തിരികെ വിളിച്ചുതുടങ്ങുമെന്ന് ഫോക്‍സ് വാഗന്റെ പുതിയ സിഇഒ മത്തിയാസ് മുള്ളര്‍. 2016 അവസാനിക്കുന്നതിന് മുമ്പു തന്നെ എല്ലാ വാഹനങ്ങളിലെയും പ്രശ്‌നം പരിഹരിക്കും. നിലവിലെ പ്രതിസന്ധികള്‍ എല്ലാം എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചത് പിടിയിലായതോടെ ഫോക്‍സ് വാഗണ്‍ കാറുകളുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ വില്‍പ്പന നടന്നിരുന്ന പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില്‍ 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പുതിയ കാറുകളുടെ ബുക്കിംഗിലും കുറവാണ് കാണിക്കുന്നത്. ഏഴുമാസത്തെ കുതിപ്പിനുശേഷം ഇതാദ്യമായാണ് ഫോക്സ് വാഗണ്‍ കാറുകളുടെ വില്പന കുറയുന്നത്.
ഫോക്‍സ് വാഗണ്‍ കാറുകളുടെ മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചതിനു നിയമനടപടി നേരിടുകയാണ് കമ്പനി ഇപ്പോള്‍. അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. 2014 സെപ്റ്റംബറിനെ അപേക്ഷിച്ച് ഇന്ത്യയില്‍ മൊത്തം കാറുകളുടെ വില്പനയില്‍ 4.6 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.