ആഗ്രഹങ്ങള്‍ പങ്കിട്ട മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണ പത്രത്തില്‍ പറയുന്നു. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
മാര്‍പാപ്പയുടെ വിയോഗത്തിന് പിന്നാലെ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇതിനിടെ മാര്‍പാപ്പയുടെ മരണകാരണവും വത്തിക്കാന്‍ വാര്‍ത്ത കുറിപ്പിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. നാളെ വത്തിക്കാന്‍ സെന്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ഉണ്ടാവും.
കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. ഫോര്‍ഗെ മരിയ ബര്‍ഗോളിയോ എന്നായിരുന്നു പേര്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്. യുദ്ധങ്ങളെ നന്മതിന്മയായി കാണരുതെന്ന് പറഞ്ഞ മാര്‍പാപ്പ എല്ലാതരം യുദ്ധങ്ങള്‍ക്കും എതിരെ നിലകൊണ്ടിരുന്നു.