വേഗരാജാവ് ഇന്നിറങ്ങുന്നു; റെക്കോർഡ് തിരുത്തിക്കുറിക്കാൻ ബോൾട്ടിനാകുമോ?

ശനി, 13 ഓഗസ്റ്റ് 2016 (10:49 IST)
ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് മൂന്നാം ഒളിമ്പിക്സില്‍ ട്രിപ്ള്‍ സ്വര്‍ണം തേടി ഇന്നു രാത്രി ട്രാക്കിലിറങ്ങും. നൂറു മീറ്ററില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങും. റിയോയിൽ ബോൾട്ട് എത്തിയതു മുതൽ വലിയൊരു ആരാധനാവൃത്തം അദ്ദേഹത്തിന് ചുറ്റുമുണ്ട്. അവർ ബോൾട്ടിനായി ഒളിമ്പിക്സിൽ ആവേശം പകരുകയാണ്. 
 
ബെയ്ജിങ്ങില്‍ 2008ല്‍ തുടങ്ങിയ ബോൽട്ടിന്റെ പടയോട്ടം കഴിഞ്ഞ തവണ ലണ്ടനിലും ആവര്‍ത്തിക്കുകയായിരുന്നു. ഇത്തവണ യോഗ്യതാ മത്സരങ്ങളില്‍ പരുക്ക് പ്രശ്നമായെങ്കിലും റിയോയിലേക്ക് കുതിക്കാന്‍ ബോള്‍ട്ടിനായി. ഇത് തന്റെ അവസാന ഒളിമ്പിക്സാണെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. റിയോയില്‍ 200 മീറ്ററില്‍ 19 സെക്കന്‍ഡില്‍ താഴെ ഓടി സ്വന്തം റെക്കോഡ് തിരുത്തുമെന്നും ബോള്‍ട്ട് പറഞ്ഞിട്ടുണ്ട്.
 
നൂറുമീറ്ററില്‍ ഞായറാഴ്ചയാണ് സെമിഫൈനല്‍. തിങ്കളാഴ്ച ഫൈനലും. 2004ലെ ജേതാവും അമേരിക്കക്കാരനുമായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഈ വര്‍ഷം ബോള്‍ട്ടിനെക്കാള്‍ മികച്ച സമയത്തില്‍ ഓടിയിയിരുന്നു. 9.80 സെക്കന്‍ഡാണ് ഗാറ്റ്ലിന്റെ ഈ വര്‍ഷത്തെ സമയം. ബോള്‍ട്ടിന്റേത് 9.88 സെക്കന്‍ഡും. 9.58 സെക്കന്‍ഡാണ് ബോള്‍ട്ടിന്റെ ലോകറെക്കോഡ് സമയം.

വെബ്ദുനിയ വായിക്കുക