സൈന്യം മൊസൂളിനടുത്ത്, 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു - മനുഷ്യകവചമൊരുക്കി ഭീകരര്‍
വ്യാഴം, 27 ഒക്‌ടോബര്‍ 2016 (20:48 IST)
ഇസ്ല്‌മിക് സ്‌റ്റേന്റിന്റെ ശക്തി കേന്ദ്രമായ മൊസൂൾ പിടിച്ചെടുക്കാൻ ഇറാക്ക് സൈന്യം ശക്‌തമായ ആക്രമണം നടത്തുന്നതിനിടെ തെക്കൻ മൊസൂളിൽ 800–900 ഐഎസ് ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് ജനറൽ ജോസഫ് വൊട്ടേൽ.
രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് യു എസ് ജനറല്‍ ഈ കാര്യം വ്യക്തമാക്കിയത്.
ഇറാഖി സേന മൊസൂൾ നഗരത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്. അതേസമയം, മൊസൂളിലെ സാധാരണക്കാരെ മനുഷ്യ കവചമാക്കിയാണ് ഐഎസ് ഭീകരർ പൊരുതുന്നത്. അതിനിടെ മൊസൂളിൽ സൈന്യത്തിൽ ചേരാൻ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഹമാമിൽ 192 പേരും അൽ അരിജിൽ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.
ഇറാക്ക് പാർലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാം അൽ അലിൽ, അൽ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. മൊസൂളിലെ ബാഷിക പട്ടണവും സമീപഗ്രാമങ്ങളും സൈന്യം ഐസില്‍നിന്നു തിരിച്ചു പിടിച്ചിട്ടുണ്ട്.
കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതില്‍ തീര്‍ത്തും പടിഞ്ഞാറന്‍ മേഖലകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയും സൈന്യത്തെ പ്രതിരോധിക്കാന്‍ ഐഎസ് ശ്രമം തുടരുകയാണ്. സൈന്യത്തിന് അനായാസം മൊസൂൾ കീഴടക്കാനാവില്ലെന്ന് ഐഎസ് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണിത്.