ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് എന്നും എതിരുനിന്നിരുന്ന ചൈന നിലപാട് മാറ്റി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. ഇന്ത്യയ്ക്കും ബ്രസീലിനും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഹുയാ ചുയിംഗ് ആണ് പറഞ്ഞത്.
അരുണാചല്‍ പ്രദേശിലും ജമ്മുകാശ്മിരിലെ ലഡാക്കിലുമുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചതില്‍ ചൈനയ്ക്ക് അമര്‍ഷമുണ്ടായി. എന്നാല്‍ ഫെബ്രുവരി മാസം വിദേശ കാര്യമന്ത്രി സുഷമാസ്വരാജ് ചൈന സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഊഷ്മളത ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചൈനയുടെ നിലപാട് മാറ്റം.