കാലിഫോർണിയ സർവകലാശാലയില്‍ വിദ്യാര്‍ഥി പ്രഫസറെ വെടിവച്ചുകൊന്നശേഷം ആത്മഹത്യചെയ്തു

വ്യാഴം, 2 ജൂണ്‍ 2016 (08:24 IST)
കാലിഫോർണിയ സർവകലാശാലയുടെ ലൊസാഞ്ചലസ് ക്യാംപസിൽ വിദ്യാർഥി പ്രഫസറെ വെടിവച്ചുകൊന്നു. തുടർന്ന് വെടിവച്ച വിദ്യാർഥിയും ആത്മഹത്യചെയ്തു. കാമ്പസിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പ്രഫസർ വില്യംസ് ക്ലഗ്ഗിനെയാണ് വിദ്യാർഥി വെടിവച്ചുകൊന്നത്. പ്രാദേശിക സമയം രാവിലെ 9.45ഓടെ സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു.

വിദ്യാര്‍ഥി കുറിപ്പ് എഴുതിവച്ചശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ നിന്ന് രണ്ട് മൃതദേഹങ്ങളും തോക്കും കണ്ടെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവം കൊലപാതകത്തിനുശേഷമുള്ള ആത്മഹത്യയാണെന്ന് വ്യക്തമായതോടെ സർവകലാശാല സുരക്ഷിതമാണെന്ന് പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു. വെടിവെപ്പ് ഉണ്ടായ ഉടന്‍ തന്നെ വന്‍ പൊലീസ് സംഘം കാമ്പസില്‍ എത്തി.

43,000ൽ പരം വിദ്യാർഥികൾ പഠിക്കുന്ന കാമ്പസില്‍ നിന്ന് ഉടന്‍ തന്നെ വ്യദ്യാര്‍ഥികളെ മാറ്റിയ പൊലീസ് സുരക്ഷിതത്വം ഉറപ്പാകുന്നതുവരെ സമീപ പ്രദേശങ്ങളിലെ റോഡുകൾ ബ്ലോക്ക് ചെയ്‌തു. വാഹനങ്ങളും റോഡുകളില്‍ പാര്‍ക്ക് ചെയ്‌തിരുന്ന മറ്റ് വാഹനങ്ങളും പൊലീസ് പരിശേധിച്ചു.

വെബ്ദുനിയ വായിക്കുക