സര്‍വ്വരാജ്യ നടീനടന്മാരേ.... ചെവിയില്‍ നുള്ളിക്കോളൂ, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു...!
തിങ്കള്‍, 2 നവംബര്‍ 2015 (19:01 IST)
അടുക്കളപ്പണിക്ക്, വ്യവസായ ശാലകള്‍ക്ക്, എന്തിനേറെ ഫ്രണ്ട് ഓഫീസില്‍ റിസപ്ഷ്നിസ്റ്റായിട്ടും ഹോട്ടലുകളില്‍ വെയിറ്റര്‍മാരായിട്ടു പോലും റോബോട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സിനിമാ അഭിനയത്തില്‍ നിന്നു കൂടി ഇവരെ ഒഴിവാക്കുന്നതെന്തിനാണ്?
റോബോട്ടുകള്‍ അഭിനേതാക്കളായുള്ള സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്. ഹോളീവുഡിലും എന്തിനേറെ നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാട്ടില്‍ പോലും യന്ത്രമനുഷ്യനേക്കുറിച്ചുള്ള കഥപറയുന്ന യന്തിരന്‍ സിനിമ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ റോബോട്ട് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാലോ? അതും ഒരു മനുഷ്യ കഥാപാത്രത്തിന്റെ റോളില്‍. അതേ അതും സംഭവിക്കാന്‍ പോവുകയാണ്.
ഒരു റോബോട്ട് മനുഷ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ 'സായനോര'യുടെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് സിനിമയാണ് സായനോര. ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊ സൃഷ്ടിച്ച ജെമിനോയിഡ് എഫ്' ( Geminoid F ) എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് റോബോട്ടാണ് ഈ സിനിമയുടെ കേന്ദ്രകഥാപാത്രം.
ആന്‍ഡ്രോയിഡ് റോബോട്ട് എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക അത് ഗൂഗിളിന്റെ ഒപ്പറേറ്റിംഗ് സിസ്റ്റമല്ലെ എന്നാകും. എന്നാല്‍ തെറ്റി, മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്. റോബോട്ടിക്സ് മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അധികം പേര്‍ക്കും ഈ പദം അത്ര പരിചിതമല്ല എന്നേയുള്ളു. ഇനി കാര്യത്തിലേക്ക് വരാം.
ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് 'സായനോര'യിലെ പ്രമേയം. കൊജി ഫുകാഡ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. ഒരു റോബോട്ടിന് എങ്ങനെ മനുഷ്യരേപ്പോലെ ചലിക്കാനാകും എന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനുള്ള പാതി ഉത്തരം ഇപ്പോള്‍ തന്നെ കിട്ടിയെന്നു കരുതുന്നു.
സിനിമയില്‍ ഭൂരിഭാഗവും റോബോട്ട് വീല്‍ചെയറിലോ കസേരയിലോ ഒക്കെ ഇരിക്കുന്നതാകും. എന്നാല്‍ ശരീരത്തിലെ മറ്റ് ചലനങ്ങള്‍ സുഗമമാക്കാന്‍ വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന അക്യുട്ടേറ്ററുകള്‍ റോബോട്ടിലുണ്ട്. ഇത് മുഖത്തിനും കൈകള്‍ക്കും സാധ്യമായ എല്ലാ സ്വാഭാവിക ചലനങ്ങള്‍ക്കും സഹായിക്കും. ജപ്പാനില്‍ നവംബര്‍ 21ന് 'സയനോര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും 'ജെമിനോയിഡി'ന് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.
കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയേപ്പോലെ തോന്നിക്കുന്ന ജെമിനോയിഡിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു ലാപ്ടോപ്പുണ്ടെങ്കില്‍ കക്ഷിയേ നല്ലൊരു നടിയാക്കാന്‍ സാധിക്കും. കാര്യമിത്രത്തോളമാണെങ്കിലും കക്ഷി അത്ര നിസാരക്കാരിയല്ല. ഈ ആന്ഡ്രോയിഡ് സുന്ദരിക്ക് വില 72 ലക്ഷം രൂപയാണ്.
റോബോട്ടുകളാകുമ്പോള്‍ പരാതിയില്ല്, പരിഭവമില്ല, പിണക്കമില്ല പിന്നെ ഉറങ്ങാതെ പണിയെടുക്കുകയും ചെയ്യും. പറഞ്ഞ് വരുന്നതെന്താണെന്നാല്‍ അഭിനേത്രികളായി താര സിംഹാസനത്തില്‍ ഇരിക്കുന്ന പലരുടെയും കളസം സായനോര പുറത്തിറങ്ങുന്നതോടെ കീറാന്‍ തുടങ്ങുമെന്നത് തന്നെ. ഭാവിയില്‍ യന്ത്രമനുഷ്യരെ യഥാര്‍ഥ മനുഷ്യരായി തെറ്റിദ്ധരിക്കുന്ന കാലം വരെ വരാം. ഇങ്ങനെ പോയാല്‍ ഒടുവില്‍ മനുഷ്യരില്ലാതെ യന്ത്രങ്ങള്‍ മാത്രം ജീവിക്കുന്ന ലോകമായി ഭൂമി മാറിയേക്കാനും സാധ്യതയുണ്ട്.