റിയോ ഒളിമ്പിക്‌സ്: ചൂടുള്ള കാലാവസ്ഥയിലെ പരിശീലനവും ആര്‍ത്തവ ചക്രവും പ്രകടനത്തിന് വെല്ലുവിളി

ബുധന്‍, 3 ഓഗസ്റ്റ് 2016 (17:07 IST)
ഉഷ്ണമേഖലാ പ്രദേശമായ ബ്രസീലില്‍ ഇത്തവണത്തെ ഒളിമ്പിക്‌സിന് വേദിയായതുമുതല്‍ പല വിദേശ താരങ്ങള്‍ക്കും ആധി വര്‍ദ്ധിച്ചിരുന്നു. പ്രദേശത്തെ ഉയര്‍ന്ന ചൂട് തന്നെയാണ് താരങ്ങളെ പേടിപ്പെടുത്തുന്ന പ്രധാന കാര്യം. എന്നാല്‍ ഉയര്‍ന്ന ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് വനിതാ കായിക താരങ്ങളെയായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 
 
ന്യൂസിന്‍ഡിലെ മാസ്സി സര്‍വ്വകലാശാലയുടെ പുതിയ പഠനമാണ് ബ്രസീലിലെ ചൂടുള്ള കാലാവസ്ഥയും ആര്‍ത്തവ ചക്രവും വനിതാ കായിക താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന വിലയിരുത്തല്‍ നടത്തുന്നത്. കൃത്യമായ ആര്‍ത്തവചക്രമുള്ള കായിക താരങ്ങളുടെ പരിശീലനത്തെയും പ്രകടനത്തെയും കാലാവസ്ഥ പ്രതികൂലമായി ബാധിക്കുമെന്ന് ഭൂരിഭാഗം സ്ത്രീകളും കരുതുന്നു. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളില്‍ അമിതതാപത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയങ്ങളില്‍ ശരീരം സ്വയം തണുക്കാന്‍ ശ്രമിക്കുന്നത് പ്രകടനത്തെ മോശമായി ബാധിക്കും. 
 
കുറഞ്ഞ പരിശീലനം നേടിയ സ്ത്രീകളെക്കാള്‍ നന്നായി പരിശീലനം നേടിയ സ്ത്രീകളില്‍ സന്താനോത്പാദനത്തിനായുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനം കുറവായിരിക്കും. അതിനാല്‍ വിയര്‍പ്പ് ഉല്‍പാദനം വര്‍ദ്ധിക്കുകയും തന്മൂലം ശരീരം തണുക്കുന്നതിനും ഇടയാക്കും. ഇത്തരമൊരവസ്ഥ പലപ്പോവും തളര്‍ച്ചയ്ക്ക് പോലും ഇടയാക്കിയേക്കാം. ചൂടേറിയ അന്തരീക്ഷത്തില്‍ പരിശീലനം നടത്തുന്നതോടെ അത് സ്ത്രീകളുടെ ആര്‍ത്തവചക്രത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 
 
ആര്‍ത്തവ സമയങ്ങളില്‍ മരുഭൂമിയിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പരിശീലനം നടത്തിയാണ് പഠനം പൂര്‍ത്തിയാക്കിയത്. പരിശീലനത്തിന്റെ സമയം ആര്‍ത്തവ ചക്രത്തെ ബാധിക്കുന്നില്ലെങ്കിലും ഉടര്‍ന്ന ചൂടിലുള്ള പരിശീലനം ആര്‍ത്തവ ചക്രത്തെ ബാധിക്കുന്നതായി കണ്ടെത്തി. മത്സരകാലയളവില്‍ ആര്‍ത്തവം ക്രമം തെറ്റിക്കുന്നതിനായി താരങ്ങള്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതും ഭാവിയില്‍ ദോഷം ചെയ്യുമെന്ന് പഠനം പറയുന്നു.  
 

വെബ്ദുനിയ വായിക്കുക