തുടര്‍ച്ചയായി 34 വിജയങ്ങള്‍‍; റയലിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ബാഴ്‌സ

തിങ്കള്‍, 29 ഫെബ്രുവരി 2016 (10:04 IST)
തുടര്‍ച്ചയായ മുപ്പത്തിനാലു വിജയങ്ങളുമായി റയല്‍ മാഡ്രിഡ് തീര്‍ത്ത അപരാജിതരെന്ന ലോകറെക്കോഡ്‌ സ്‌പാനിഷ്‌ ചാമ്പ്യന്മാരായ ബാഴ്‌സിലോണ തകര്‍ക്കാനൊരുങ്ങുന്നു. ഒരു വിജയം കൂടിയായാല്‍ ഈ നേട്ടം ന്യൂകാമ്പിലെത്തും. സ്‌പാനിഷ്‌ ലീഗ്‌ കിരീടവും ചാമ്പ്യന്‍സ്‌ ലീഗുമെല്ലാം കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ബാഴ്‌സിലോണ വീണ്ടും റയലിനെ വെല്ലുവിളിക്കുകയാണ്‌.

ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സയ്‌ക്ക് റയലിനെ മറികടക്കാന്‍ ഇനി ഒരു വിജയം കൂടി മതിയാകും. കഴിഞ്ഞ ദിവസം സെവില്ലയെ 2-1 ന്‌ തകര്‍ത്ത ബാഴ്‌സിലോണ തുടര്‍വിജയങ്ങളുടെ കാര്യത്തില്‍ റയലിന്‌ ഒപ്പമെത്തി. വ്യാഴാഴ്‌ച റയല്‍ വല്ലോക്കാനോയെ നേരിടുന്ന ബാഴ്‌സ ഈ നേട്ടം എളുപ്പം നേടുമെന്നാണ്‌ കണക്കാക്കുന്നത്‌. സ്‌പാനിഷ്‌ സോക്കര്‍ ചരിത്രത്തില്‍ ഏറെക്കാലം റെക്കോഡ്‌ ഏന്തിയ റയല്‍ 1988-89 സീസണില്‍ കുറിച്ച റെക്കോഡിനാണ്‌ ഇപ്പോള്‍ ബാഴ്സിലോണ ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍താരം മെസ്സിയും ജെറാഡ്‌ പിക്കേയും ആയിരുന്നു ബാഴ്‌സിലോണയുടെ സ്‌കോറര്‍മാര്‍. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്നും സ്‌കോര്‍ ചെയ്‌ത മെസി ഈ സീസണില്‍ കുറിച്ച ആറാമത്തെ ഫ്രീകിക്ക്‌ ഗോളായിരുന്നു അത്‌. മാച്ചിന്‍ പെരസിന്റെ ആദ്യ ഗോളില്‍ പിന്നില്‍ നിന്ന ശേഷമാണ്‌ ബാഴ്‌സ തിരിച്ചടിച്ചത്‌. ഒക്‌ടോബര്‍ 21 ന്‌ തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി ബാഴ്‌സയ്‌ക്ക് ഈ വിജയം. ഈ വിജയത്തോടെ കിരീട കാര്യത്തിലും ബാഴ്‌സ റയലിന്‌ വെല്ലുവിളിയായി.ഇപ്പോള്‍ അവരേക്കാള്‍ 12 പോയിന്റ്‌ മുന്നിലാണ്‌ ബാഴ്‌സിലോണ‌.

വെബ്ദുനിയ വായിക്കുക