പാരിസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യുഎസ്

ബുധന്‍, 30 ഡിസം‌ബര്‍ 2015 (08:57 IST)
പാരിസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു എസ്. പെൻറഗൺ വക്താവ് കേണൽ സ്റ്റീവ് വാറൻ ആണ് ഇക്കാര്യം അറിയിച്ചത്. 
തങ്ങൾ നടത്തിയ വ്യോമാക്രമണത്തിലാണ് ഷരഫ് അൽ മൗദാൻ എന്നയാൾ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ഡിസംബർ 24നായിരുന്നു ഫ്രഞ്ച് പൗരനായ മൗദാൻ കൊല്ലപ്പെട്ടത്. പാരിസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് വിലയിരുത്തുന്ന അബ്‌ദുള്‍ ഹാമിദ് അബൗദുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും യു എസ് വ്യക്തമാക്കി.
 
നവംബറിൽ ആയിരുന്നു പാരിസില്‍ ആക്രമണ പരമ്പര ഉണ്ടായത്. അതേസമയം, പാരിസ് ആക്രമണത്തിന്റെ മുമ്പോ ശേഷമോ മൗദാൻ ഏവിടേക്കെങ്കിലും യാത്ര ചെയ്തതായി സ്ഥിരീകരണമില്ല.  നവംബർ 13ന് പാരിസ് നഗരത്തിലുണ്ടായ ആക്രമണ പരമ്പരയിൽ 130 പേരായിരുന്നു കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക