ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി അന്തരിച്ചു

ശനി, 9 ജൂലൈ 2016 (09:27 IST)
പാക്കിസ്ഥാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി(92) അന്തരിച്ചു. സംഘടനയുടെ പിന്തുടര്‍ച്ചാവകാശിയും മകനുമായ ഫൈസലാണ് മരണവിവരം ലോകത്തെ അറിയിച്ചത്. 
 
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കറാച്ചിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദൈവം അദ്ദേഹത്തിന് സ്വര്‍ഗ്ഗത്തില്‍ ഏറ്റവും നല്ല ഇടം നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന് അദ്ദേഹത്തിന്റെ മരണം നികത്താനാവത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
പാക്കിസ്ഥാനിലെ അശരണര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമായി നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് ഈദി ഫൗണ്ടേഷന്‍ നടത്തിയത്. നിരവധി തവണ നോബല്‍ സമ്മാനത്തിനും അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ എത്തപ്പെട്ട മൂകയും ബധിരയുമായ ഗീത എന്ന പെണ്‍കുട്ടിയെ സംരക്ഷിച്ചതും ഇന്ത്യയിലേക്ക് തിരികെയെത്താന്‍ സഹായിച്ചതും ഈദി ഫൗണ്ടേഷനാണ്. 
 

വെബ്ദുനിയ വായിക്കുക