പാക് സ്കൂള്‍ രക്തപ്പുഴയായി; മരണം 104, പരിക്കേറ്റവര്‍ നൂറ് കവിഞ്ഞു - ഒരു ചാവേര്‍ പൊട്ടിത്തെറിച്ചു
ചൊവ്വ, 16 ഡിസംബര്‍ 2014 (13:22 IST)
പാക്കിസ്ഥാനിലെ പെഷാവറിലെ സൈനിക സ്കൂളിലേക്ക് ഇരച്ചുകയറി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണം 104 ആയി. 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ഞൂറോളം വരുന്ന കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് തീവ്രവാദികള്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നത്. അതേസമയം സംഭവ സ്ഥലത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.
രാവിലെ 11.30ഓടെയായിരുന്നു ആറോളം തീവ്രവാദികള്‍ സ്കൂളിലേക്ക് ഇരച്ചു കയറിയത്. ഈ സ്കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. ഈ സമയം സ്കൂളില്‍ അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവെച്ച ശേഷം എല്ലാവരെയും തീവ്രവാദികള്‍ ബന്ദികളാക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് 15 പേര്‍ രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്. തുടര്‍ന്ന് ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
ചാവേറാക്രമണത്തിനു തയാറെടുത്ത ആറു ഭീകരരാണ് സ്കൂളിനുള്ളില്‍ ഉള്ളതെന്ന് സൈന്യം വ്യക്തമാക്കി. സംഭവ സ്ഥലത്ത് വന്‍ സന്നാഹാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു വിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പും തുടരുകയാണ്. അതേസമയം തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.