നദിയിലെ വെള്ളം തുറന്ന് വിട്ട് ഇന്ത്യ, പാക്കിസ്ഥാനില്‍ പ്രളയം; ജലം ആയുധമാക്കിയുള്ള കളിയോ?

ചൊവ്വ, 20 ഓഗസ്റ്റ് 2019 (10:18 IST)
മുന്നറിയിപ്പൊന്നുമില്ലാതെ സത്‌ലജ് നദിയിലെ വെള്ളം ഇന്ത്യ തുറന്നുവിട്ടതോടെ പാകിസ്ഥാനിൽ പ്രളയം. ഇന്ത്യയുടെ നടപടി പാകിസ്ഥാനില്‍ പ്രളയസമാനമായ സാഹചര്യം സൃഷ്ടിച്ചതായി പാകിസ്ഥാന്‍ വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ സത്‌ലജ് നദിയില്‍ നിന്നും രണ്ട് ലക്ഷം ക്യുസെക്‌സ് വെള്ളം ഇന്ത്യ തുറന്നു വിട്ടതായാണ് പാകിസ്ഥാന്റെ വാദം.
 
ജലം ആയുധമാക്കിയുള്ള കളിയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നതെന്നും പാകിസ്ഥാൻ ആരോപിച്ചു. കസ്തൂര്‍ ജില്ലയിലെ ഗാന്‍ധ സിങ് വാലാ ഗ്രാമത്തിലെ ജലനിരപ്പ് 1617 അടിയാണെന്ന് പാക് ദേശിയ ദുരന്ത നിവാരണ അതോറ്റിറ്റി വക്താവ് ബ്രിഗേഡിയര്‍ മുക്താര്‍ അഹ്മദ് പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഈ ഗ്രാമങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണെന്ന് മുക്താര്‍ അഹ്മദ് പറയുന്നു.
 
ഭക്ര ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 1680 അടി പിന്നിട്ടു കഴിഞ്ഞതായും, സ്പില്‍വേയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും ചണ്ഡീഗഡ് വ്യക്തമാക്കിയിരുന്നു. 41,000 ക്യുസെക്‌സ് വെള്ളം തുറന്നു വിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നദീ തീരത്ത് കഴിയുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍