പാകിസ്ഥാനിലെ സൂഫി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ചാവേര്‍ സ്ഫോടനത്തില്‍ 70 മരണം

വെള്ളി, 17 ഫെബ്രുവരി 2017 (08:36 IST)
പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ 60 മരണം. രാജ്യത്തെ പ്രമുഖ സൂഫി തീര്‍ത്ഥാടനകേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഫോടനം ഉണ്ടായത്.  150ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റു.
 
സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്‌ബാസ് ഖലന്ദറിന്റെ ഖബറിടം ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനകേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. എല്ലാ വ്യാഴാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ത്ഥന നടക്കാറുണ്ട്. പതിവുപോലെ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
 
തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സമീപത്ത് മികച്ച ആശുപത്രികള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചാവേര്‍ ഒരു സ്ത്രീ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്ഫോടനത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.
 
തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രധാനഹാളിലേക്ക് പ്രവേശിച്ച ചാവേര്‍ ആദ്യം ആളുകള്‍ക്കിടയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നാണ് സ്വയം പൊട്ടിത്തെറിച്ചത്.  പാകിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണ് ഇത്.

വെബ്ദുനിയ വായിക്കുക