ഉത്തരകൊറിയ കപ്പല്‍വേധ മിസൈല്‍ പരീക്ഷിച്ചു, ലക്ഷ്യം അമേരിക്ക?

ഞായര്‍, 8 ഫെബ്രുവരി 2015 (10:43 IST)
രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ ഉപരോധം നിലനില്‍ക്കുന്നതിനിടെ അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ഉത്തരകൊറിയ കൃത്യതയേറിയ കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇതോടെ മേഖല വീണ്ടും സംഘര്‍ഷ സാധ്യതയിലായി. പുതിയ കപ്പല്‍വേധ മിസൈല്‍ അധികം വൈകാതെ ഉത്തരകൊറിയന്‍ നാവികസേനയില്‍ ഇടംപിടിക്കും. ബദ്ധ വൈരികളായ ദക്ഷിണ കൊറിയയെ പ്രകോപിക്കുക എന്ന ഉദ്ദേശം കൂടി പുതിയ പരീക്ഷണത്തിനുണ്ട്. 
 
ഭരണാധികാരിയായ കിം ജോങ് യുന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. പരീക്ഷണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച കിം, ഇത്തരത്തില്‍ ശക്തമായ ശേഷിയുള്ള കൂടുതല്‍ ആയുധങ്ങള്‍ വികസിപ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. മിസൈല്‍ ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞു തകര്‍ത്തതായി ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 
 
ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതുപോലെ കരുത്തേറിയ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ഉത്തരകൊറിയ. യുഎസിനെ വരെ ലക്ഷ്യംവയ്ക്കാന്‍ പോന്ന ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഉത്തര കൊറിയ എന്നാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയോട് അനുഭാവം പുലര്‍ത്തുന്നതുകൊണ്ട് അമേരിക്കയെ ഉത്തരകൊറിയ ശത്രുവായാണ് കാണുന്നത്.
 
അതിനിടെ പുതിയ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും വികസിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഉത്തര കൊറിയ. ആണവ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ പാകത്തില്‍, സമുദ്ര കേന്ദ്രിത മിസൈല്‍ വ്യൂഹം വികസിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമങ്ങളിലേക്കു വെളിച്ചംവീശുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ രാജ്യാന്തര സമൂഹം കടുത്ത ഉപരോധങ്ങളുമായാണ് മുനൊട്ട് വന്നിരിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക