ഞാൻ നുജൂദ് – പത്താം വയസില്‍ വിവാഹ മോചിതയായ പെണ്‍കുട്ടി

ശനി, 8 ജൂലൈ 2017 (09:23 IST)
'എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്കു സാധിക്കുമെങ്കില്‍, ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ. വിശുദ്ധനബി ഐഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്നിനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിക്കും.
 
വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോചിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലി അവളുടെ ആത്മകഥയില്‍ എഴുതിയ വരികളാണിത്. അവള്‍ അനുഭവിച്ചതെല്ലാം തുറന്നെഴുതുന്നു. കേവലം പത്ത് വയസ്സ് മാത്രമുള്ള പെണ്‍കുട്ടി കോടതിയില്‍ കയറി ജഡ്ജിയോട് പറഞ്ഞു ‘എനിക്ക് വിവാഹമോചനം വേണം’. ജഡ്ജി അടക്കം കൂടെയുണ്ടായിരുന്നവര്‍ ഞെട്ടി. അതായിരുന്നു എല്ലാത്തിന്റേയും തുടക്കം, പുതിയ ജീവിതത്തിലേക്കുള്ള അവളുടെ യാത്ര ആരംഭിച്ചത് അവിടെ നിന്നുമായിരുന്നു. 
 
വെറും ഒമ്പതാമത്തെ വയസ്സില്‍ വിവാഹ ജീവിതം ആരംഭിച്ച, പത്താമത്തെ വയസ്സില്‍ വിവാഹമോചനം നേടിയ, നുജൂദ് അലി ലോക പ്രശസ്തയായത് അവളുടെ ഉറച്ച തീരുമാനത്തിലൂടെയായിരുന്നു. മുപ്പത് വയസ്സുകാരനായിരുന്നു അവളുടെ ഭര്‍ത്താവ്. അയാളെ ഓര്‍ക്കുമ്പോള്‍ തനിക്ക് ഓക്കാനം മാത്രമേ വരികയുള്ളുവെന്ന് അവള്‍ പറഞ്ഞിരുന്നു. 
മനക്കരുത്തിന്‍റെ, ആത്മ ധൈര്യത്തിന്‍റെ അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ വിശേഷിപ്പിച്ച യമൻ ചരിത്രത്തിൽ അവള്‍ എഴുതി ചേര്‍ത്തത് ഒരു പുതിയ അധ്യായമായിരുന്നു. 
 
2008ലായിരുന്നു അവളെ വിവാഹം കഴിപ്പിച്ച് അയച്ചത്. അപ്പോള്‍ അവള്‍ക്ക് പ്രായം - 9. ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവെന്ന ക്രൂരന്‍ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. രാത്രികളില്‍ അയാളെപ്പേടിച്ച് വീടിനുചുറ്റും ഓടുന്ന പിഞ്ചുകുഞ്ഞിനെ കത്തികാട്ടി പേടിപ്പിച്ചും വടിയെടുത്ത് ക്രൂരമായ് മര്‍ദ്ദിച്ചുമാണയാള്‍ കിടപ്പറയിലേക്ക് വലിച്ചിഴച്ചിരുന്നത്. അപ്പോഴൊക്കെ അവള്‍ അലറിവിളിച്ചിരുന്നു, അമ്മായെന്നും ഉമ്മായെന്നും. ആരും അവളുടെ രക്ഷയ്ക്കെത്തിയില്ല.
 
രണ്ട് മാസം മാത്രമേ അവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആയുള്ളു. വിവാഹ മോചനം നല്‍കുക കോടതിയാണെന്ന് ഇളയമ്മ പറഞ്ഞിരുന്നു. അതിന്റെ ഒരൊറ്റ ബലത്തില്‍ അവള്‍ വണ്ടി കയറി, ആരുമറിയാതെ. അങ്ങനെ കേസ് വിവാദമായി. ഭര്‍ത്താവിനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ഒടുവില്‍ ഏപ്രില്‍ 15, 2008-ന് കോടതി അവള്‍ക്ക് വിവാഹമോചനം നല്‍കുകയും ചെയ്യുന്നു. നുജുദിന്റെ വിവാഹ മോചനത്തോടെ യമന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15-ല്‍ നിന്നും 17 ആയി ഉയര്‍ത്തി. 
 
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശബ്ദമായിരുന്നു നൂജുദ്. വില്‍പന വസ്തു കണക്കെ വില്‍ക്കപ്പെട്ട നുജൂദിനെപ്പോലുള്ള പെണ്‍കുട്ടുകളുടെ ശബ്ദവും സമൂഹത്തില്‍ അലയടിക്കാന്‍ സമയമായിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. ഇത് യമനിലെ കഥയാണ്. എന്നാല്‍ നമ്മുടെ ഭാരതത്തിലും ഈ കൊച്ചു കേരളത്തിലും നാമറിയാതെ എത്ര നൂജുദ് ഉണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. നമ്മുടെ കേരളത്തിലെ മലബാര്‍ മേഖലയില്‍ നമ്മുടെ നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി ഇതുപോലെയുള്ള കാര്യങ്ങള്‍ ഇന്നും തുടരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

വെബ്ദുനിയ വായിക്കുക