യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണം: മോഡി

ഞായര്‍, 12 ഏപ്രില്‍ 2015 (10:15 IST)
ലോക സമാധാനത്തിനു വേണ്ടി സംഭാവന നല്‍കുന്നത് ഇന്ത്യയുടെ അവകാശമാണെന്നതിനാല്‍ യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാത്മ ഗാന്ധി, ശ്രീ ബുദ്ധന്‍ തുടങ്ങിയ മഹാന്മാരുടെ നാടാണ് ഇന്ത്യ. അതിനാല്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് യുഎന്‍ സുരക്ഷാ കൌണ്‍സലില്‍ അംഗത്വം നല്‍കണമെന്നും മോഡി പറഞ്ഞു.

യുഎന്നിന്റെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യ പരമാവധി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകള്‍ ഇന്ത്യ യാചിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ അത് അവകാശപ്പെടുകയാണ് യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായി. ഇന്ത്യയുടെ വലുപ്പം മറ്റു രാജ്യങ്ങള്‍ക്ക് അറിയില്ല. അത് അവരെ മനസിലാക്കുകയാണ് എന്റെ ലക്ഷ്യം. ഒരിക്കല്‍ എല്ലാവരും ഇന്ത്യയെ മനസിലാക്കും. ആ കാലം വിദൂരമല്ലെന്നും മോഡി പറഞ്ഞു.

ലോകസമാധാനത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ത്യാഗത്തിലും വിശ്വാസത്തിലും അടിയുറച്ചവരാണ് ഇന്ത്യക്കാര്‍. പൂര്‍വികര്‍ ഇത്തരത്തിലൊരു പാരമ്പര്യം ബാക്കി വച്ചിരുന്നുവെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. രണ്ടാ, ലോക മഹായുദ്ധത്തില്‍ 14 ലക്ഷം ഇന്ത്യക്കാര്‍ യുദ്ധ മുഖത്ത് എത്തിയത് ഇന്ത്യക്ക് വേണ്ടി ആയിരുന്നില്ല എന്നും മോഡി പറഞ്ഞു. പാരിസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക