താരത്തിളക്കത്തില്‍ മോഡി ചൈനയില്‍, ചര്‍ച്ചകള്‍ തുടങ്ങി
വ്യാഴം, 14 മെയ് 2015 (18:05 IST)
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്നം, തീവ്രവാദം, വ്യാപാര കമ്മി, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം തുടങ്ങിയ വിഷയങ്ങള്‍ 90 മിനുട്ടു നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വിദേശകാര്യ വക്താവ് ജയശങ്കര്‍ അറിയിച്ചു. പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു ചർച്ചകൾ നടന്നു.
അതിര്‍ത്തി തര്‍ക്കവും നേപ്പാളില്‍ ഇന്ത്യയും ചൈനയും നല്‍കിവരുന്ന സഹായങ്ങളും മാലിദ്വീപിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചൈനയുമായുളള വ്യാപാര-വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നതായി ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈന നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ആശങ്ക ചൈനീസ് പ്രസിഡന്റിനെ മോഡി അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രാവിലെ സിയാനിലെ സിയാങ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോഡിയെ ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വിൻജിയൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു. പ്രോട്ടോക്കോളിൽ നിന്നു വ്യതിചലിച്ച് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ ജന്മനാടായ പുരാതനനഗരമായ സിയാനിലാണ് മോഡി ആദ്യം സന്ദർശനം നടത്തിയത്. രാജ്യതലസ്ഥാനമായ ബെയ്ജിംഗിന് പുറത്ത് തനിക്ക് സ്വീകരണമൊരുക്കിയതില്‍ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനോട് പ്രത്യേകം നന്ദി പറഞ്ഞു. 125 കോടി ഇന്ത്യക്കാര്‍ക്ക് ലഭിച്ച അംഗീകാരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നെ വളരെ സ്നേഹത്തോടെയാണ് താങ്കളുടെ ജന്മനാട്ടിലെത്തിയപ്പോൾ സ്വീകരിച്ചത്. ഇപ്പോൾ എന്റെ ജന്മനാട്ടിൽ താങ്കളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നതായി പ്രസിഡന്റ് ഷീ ചിൻ പിങ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് ഇന്ത്യ സന്ദര്‍ശനം തുടങ്ങിയത് മോഡിയുടെ ജന്മദേശമായ ഗുജറാത്തില്‍ നിന്നുമായിരുന്നു.
സാധാരണയായി ചൈനയിലെ രാഷ്ട്രീയ നേതാക്കള്‍ അതിഥികളെ സ്വീകരിക്കാന്‍ രാജ്യതലസ്ഥാനത്തിന് പുറത്തേക്ക് പോകാറില്ല. എന്നാല്‍ സീ ജിംഗ് പിങിന്റെ ജന്‍മനാടായ സിയാനിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആദ്യസ്വീകരണം ചൈന ഒരുക്കിയത്. രാവിലെ ഷിനായിലെ പ്രസിദ്ധമായ ടെറാകോട്ട മ്യൂസിയം സന്ദര്‍ശിച്ച മോഡി ഷിയാനിലെ ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തി. മോഡിയുടെ സന്ദര്‍ശനത്തില്‍ നിരവധി പൊതുജനങ്ങള്‍ പങ്കെടുത്തത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി.
നാളെ ബെയ്ജിങ്ങിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ്ങുമായുള്ള കൂടിക്കാഴ്ച. 10 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരക്കരാറുകൾ ചൈനയുമായി ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.