പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മിനിസോട്ടയിലെ പെയ്സലെ പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.
പ്രാദേശിക സമയം 9.43ന് വൈദ്യസഹായം അഭ്യര്‍ഥിച്ച് പ്രിന്‍സിന്റെ വസതിയില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് കോള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. 10.07 നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അദ്ദേഹം മുപ്പതിലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ലെറ്റ്സ് ഗോ ക്രേസി, വെൻ ഡോവ്സ് ക്രൈ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ആൽബങ്ങൾ.
1958ല്‍ ജനിച്ച പ്രിന്‍സ് ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ചു. ഏഴാം വയസിലാണ് പ്രിൻസ് ആദ്യ ഗാനം രചിക്കുന്നത്. 1980കളില്‍ പുറത്തിറങ്ങിയ 1999, പര്‍പ്പിള്‍ റെയ്ന്‍ തുടങ്ങിയ ആല്‍ബങ്ങള്‍ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. പര്‍പ്പിള്‍ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രിന്‍സിന്റെ മരണത്തില്‍ അനുശോചിച്ചു. ലോകത്തിന് സര്‍ഗാത്മകതയുള്ള വ്യക്തിത്വത്തെ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.