ഓസ്ട്രേലിയയില്‍ കഞ്ചാവുല്‍പ്പാദിപ്പിച്ചാല്‍ പൊലീസ് പിടിക്കില്ല - പുതിയ നിര്‍ദ്ദേശവുമായി ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി

ബുധന്‍, 10 ഫെബ്രുവരി 2016 (12:05 IST)
ഓസ്ട്രേലിയയില്‍ ഇനി കഞ്ചാവ് ഉല്‍പ്പാദിപ്പിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരില്ല. എന്നാല്‍,  ഓസ്ട്രേലിയക്കാര്‍ക്ക് വീട്ടില്‍ ഇനിമുതല്‍ കഞ്ചാവുല്‍പ്പാദിപ്പിക്കാമെന്ന് കരുതേണ്ട. കര്‍ശന വ്യവസ്ഥകളോടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഞ്ചാവ് ദേശവ്യാപകമായി ഉല്‍പ്പാദിപ്പിക്കാനാണ് ഓസ്ട്രേലിയന്‍  സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിനായി പ്രത്യേകം രൂപരേഖ തയ്യാറാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.  കാന്‍സര്‍, എയിഡ്സ്, ഡ്രാവെറ്റ് സിന്‍ഡ്രോം എന്നീ മാരക രോഗങ്ങളള്‍ക്ക് വേദനസംഹാരിയായി കഞ്ചാവ് ഉപയോഗിക്കാറുണ്ട്.
 
ആരോഗ്യമന്ത്രി സൂസന്‍ ലേയാണ് 1967 നാര്‍കോടിക്സ് ഡ്രഗ്സ് ആക്റ്റ് പ്രകാരം പുതിയ നിര്‍ദ്ദേശം ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം സര്‍ക്കാരിന്റെ അനുവാദത്തോടെ ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള കഞ്ചാവ് ഉല്‍പ്പാദിപ്പിക്കാനാകും.
 
ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച എം പിമാരുമായി നടന്നുവെന്നും പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും പുതിയ നിയമം ഈ ആഴ്ച തന്നെ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭുമുഖത്തില്‍ സൂസണ്‍ ലേ പറഞ്ഞു.
 
“കഞ്ചാവ് നമുക്ക് നിരവധി കാര്യങ്ങളില്‍ ഉപയോഗപ്രദമാകും, ദേശവ്യാപകമായി ഇതുമായി ബന്ധപ്പെട്ട് കാമ്പയിന്‍ നടത്താനാണ് തീരുമാനം.” - സൂസന്‍ പറഞ്ഞു. 
 
രാജ്യത്തെ പിറകോട്ടു നയിക്കാന്‍ കഞ്ചാവ് കാരാണമാകും എന്ന വാദവുമായി നിരവധിപേര്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇതുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സൂസന്റെ തീരുമാനം.
 

വെബ്ദുനിയ വായിക്കുക