ഡാവിഞ്ചിയുടെ മാതാവ് അടിമയായ ചൈനക്കാരി; 'വരച്ച ചിത്രം അമ്മയുടെ'
ചൊവ്വ, 2 ഡിസംബര്‍ 2014 (11:44 IST)
ലോകത്തിന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ലിയനാഡോ ഡാവിഞ്ചി വരച്ച മൊണാലിസ എന്ന ചിത്രത്തിലെ മുഖം ആരുടേതെന്നും, ചിത്രത്തിലെ അവരുടെ ഭാവം എന്തായിരുന്നുവെന്നും. എന്നാല്‍ ലിയനാഡോ ഡാവിഞ്ചിയുടെ അമ്മ അടിമയായ ഒരു ചൈനക്കാരി യുവതിയായിരുന്നുവെന്നും. അദ്ദേഹം വരച്ച വിഖ്യാതചിത്രം മൊണാലിസയിലെ മുഖം സ്വന്തം അമ്മയുടെ തന്നെയാണെന്നുമാണ് ഒരു ഇറ്റാലിയന്‍ ഗവേഷകന്‍ കണ്ടെത്തിയത്. ചരിത്രഗവേഷകനും നോവലിസ്റ്റുമായ ആഞ്ചലോ പറട്ടിക്കോയാണ് ലോകത്തിന് ഇന്നും ഉത്തരം ലഭിക്കാത്തെ ചോദ്യത്തിന് പുതിയ ഉത്തരവുമായി രംഗത്ത് വന്നിരിക്കുന്നത്.
ലിയനാഡോ ഡാവിഞ്ചിയുടെ പിതാവ് ഒരു നോട്ടറിയായിരുന്നു. അദ്ദേഹത്തിന് ധാരാളം കക്ഷികളും ഉണ്ടായിരുന്നു. വലിയ സമ്പാദ്യത്തിന് ഉടമകളായ ഇവര്‍ക്ക് വീട്ടിലും തൊഴില്‍ സ്ഥലത്തുമായി ഇറ്റലിയിലും സ്പെയിനിലും കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അടിമകള്‍ ഉണ്ടായിരുന്നു. അതിലൊരു അടിമയായിരുന്നു ഡാവിഞ്ചിയുടെ അമ്മയായ ചൈനക്കാരിയായ കത്രീനയും. ഡാവിഞ്ചിയുടെ പിതാവിന് ഒരു കക്ഷിയുടെ അടിമയായ കത്രീനയോട് താല്‍പ്പര്യം തോന്നുകയായിരുന്നു. ഇയാളില്‍ നിന്ന് ഗര്‍ഭിണിയായ കത്രീനയെ പ്രസവത്തിനായി 1452ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സില്‍നിന്നു സമീപ പട്ടണമായ വിഞ്ചിയിലേക്കു കൊണ്ടുവന്നു. അതേ വര്‍ഷം തന്നെ ലിയനാഡോ ഡാവിഞ്ചിക്ക് ജന്മം നല്‍കിയ കത്രീന പിന്നീട് ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
ഡാവിഞ്ചി വളര്‍ന്നു വലുതായപ്പോള്‍ ചിത്രം വരയ്ക്കുന്നതില്‍ പ്രാഗല്‍ഭ്യം കാണിച്ചിരുന്നു. ഒരിക്കല്‍ അമ്മയായ കത്രീനയുടെ ചിത്രം അദ്ദേഹം വരയ്ക്കുകയായിരുന്നുവെന്നും ചരിത്രഗവേഷകനായ ആഞ്ചലോ പറട്ടിക്കോ പറയുന്നു. മൊണാലിസയുടെ പിന്നില്‍ ചൈനീസ് ഭൂപ്രകൃതി കാണാമെന്നും ഡാവിഞ്ചി സസ്യഭുക്ക് ആയിരുന്നുവെന്നത് ചൈനീസ് ബന്ധസാധ്യത തെളിയിക്കുന്നുവെന്നും. അക്കാലത്ത് യൂറോപ്യരില്‍ സസ്യഭുക്കുകള്‍ വളരെ അപൂര്‍വമായിരുന്നു. ചൈനപോലുള്ള കിഴക്കന്‍ രാജ്യങ്ങളില്‍ അത്തരക്കാര്‍ കൂടുതലും. ഡാവിഞ്ചിയുടെ ബന്ധുക്കളെ ഫ്ലോറന്‍സില്‍ സംസ്കരിച്ചിടത്തു നിന്നു ഡിഎന്‍എ സാംപിളുകള്‍ എടുത്തു പരിശോധിച്ചാല്‍ സംശയം തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.