അഴിമതി നടത്തിയതിന് സൈനിക മേധാവിയെ തൂക്കിക്കൊന്നു, ഉത്തര കൊറിയയില്‍ കിമ്മിന്റെ ചോരക്കളി വീണ്ടും

ബുധന്‍, 10 ഫെബ്രുവരി 2016 (18:52 IST)
അഴിമതി കുറ്റം ആരോപിച്ച് സൈനിക മേധാവിയെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തൂക്കിക്കൊന്നു. ജനറല്‍ റി യോങ്ങ് ജില്ലിനെയാണ് തൂക്കിലേറ്റിയത്.
 
2013 ഓഗസ്റ്റില്‍ സൈനിക മേധാവിയായി ചുമതലയേറ്റ റി യോങ്ങ് ജിലുമായി അടുത്തകാലത്ത് കിമ്മിന് അഭിപ്രായവ്യത്യാസമുള്ളതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ്  യോങ്ങ് ജിലിനെ തൂക്കിലേറ്റിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. 
 
നിസാര കുറ്റങ്ങള്‍ ചുമത്തി മുൻപ് പ്രതിരോധമന്ത്രിയേയും സ്വന്തം അമ്മാവനയെും കിം ജോംങ് ഉൻ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. രാഷ്ട്രത്തലവനായ കിം ജോംഗ് ഉന്നിനോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെ വധിച്ചത്.
 
അമ്മാവനായ ചാങ്ങ്‌ സോങ്ങ്‌ താക്കിനെ വഞ്ചനാ കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്ക്‌ വിധേയനാക്കിയത്. ഇവരെക്കൂടാതെ ഉപപ്രധാനമന്ത്രിയേയും സംഗീത സംഘത്തിലെ ഒരു അംഗത്തേയും  ഉന്നത പദവികള്‍ വഹിക്കുന്ന നിരവധി പേരെയും കിമ്മിന്റെ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെ  പൊതുജനത്തിന് മുന്നില്‍ വച്ച് പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയപ്പോള്‍ അമ്മാവന്‍ ചാങ്ങ്‌ സോങ്ങ്‌ താക്കിനെ വിചാരണ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തൂക്കിലേറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക