ജൂഡോ പരിശീലനത്തിനിടെ ഏഴ് വയസ്സുകാരനെ 27 തവണ നിലത്തെറിഞ്ഞു; ഒടുവില്‍ ദാരുണാന്ത്യം

ബുധന്‍, 30 ജൂണ്‍ 2021 (16:59 IST)
ജൂഡോ പരിശീലനത്തിനിടെ ഏഴ് വയസ്സുകാരനെ 27 തവണ നിലത്തെറിഞ്ഞ് പരിശീലകന്റെ ക്രൂരത. കോച്ച് നിലത്തെറിഞ്ഞ കുഞ്ഞ് രണ്ട് മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ കുട്ടി മരണത്തിനു കീഴടങ്ങിയതായാണ് വാര്‍ത്ത. ജൂഡോ ക്ലാസിനിടെയാണ് കോച്ച് ഏഴ് വയസ്സുകാരനെ 27 തവണ നിലത്തെറിഞ്ഞത്. 
 
ഏപ്രില്‍ 21 നാണ് തായ്ചൂങിലെ ഫെങ് യുവാന്‍ ആശുപത്രിയില്‍ ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തിലേറെയായി കോമയില്‍ തുടര്‍ന്ന കുട്ടിയ്ക്ക് ശ്വസനപ്രശ്നങ്ങളും ഉണ്ടായിരുന്നു. ജൂഡോ പരിശീലനത്തിനിടെ കോച്ച് നിലത്തെറിഞ്ഞതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ആന്തരാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മകന് നല്‍കിയിരുന്ന ജീവന്‍രക്ഷാസംവിധാനം (വെന്റിലേറ്റര്‍) നീക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വെന്റിലേറ്റര്‍ സഹായം പൂര്‍ണമായി ഉപേക്ഷിച്ചു. വെന്റിലേറ്റര്‍ സഹായം പിന്‍വലിച്ചതോടെ കുട്ടി മരണത്തിനു കീഴടങ്ങി. 
 
ജൂഡോ കോച്ചിനെതിരെ മറ്റ് ആരോപണങ്ങളും ഉണ്ട്. ഇയാള്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികളെ ഇയാള്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ജൂഡോ ക്ലാസില്‍ കോച്ചിനെ പരിഹസിച്ച് ഈ കുട്ടി എന്തോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ പരിഹാസം കേട്ട കോച്ച് പരിശീലനത്തിനിടെ കുട്ടിയെ നിലത്തെറിയുകയായിരുന്നു. ഇതിനിടെ തലവേദനിക്കുന്നതായി കുട്ടി കോച്ചിനോട് പറഞ്ഞിരുന്നു. ചുരുങ്ങിയത് 27 തവണയെങ്കിലും പരിശീലകന്‍ കുട്ടിയെ നിലത്തെറിഞ്ഞിട്ടുണ്ടെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ അമ്മാവന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നെങ്കിലും കോച്ചിനെ തടയാന്‍ സാധിച്ചില്ല. കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായ ക്ഷതമേറ്റിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍