കെന്നഡിയുടെ കൊലയാളി റഷ്യൻ എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ശനി, 28 ഒക്‌ടോബര്‍ 2017 (15:08 IST)
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കെന്നഡിയെ വെടിവെച്ചു കൊലപ്പെടുത്തിയ ലീ ഹാർവി ഓസ്വാൾഡ് മെക്സിക്കോയിലുള്ള റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നെന്ന സംശയമാണ് ഇപ്പോള്‍ പുറത്തുവിട്ട രേഖകളിലുള്ളത്. 
 
മാത്രമല്ല, കെന്നഡി വധവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായിരുന്ന റഷ്യ, യുഎസ് മിസൈൽ ആക്രമണം നടത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും രേഖകളില്‍ വ്യക്തമാക്കുന്നു. അതിനിടെ, കെന്നഡി കൊല്ലപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്, ബ്രിട്ടനിലെ കേംബ്രിജ് ന്യൂസ് പത്രത്തിന്റെ ഓഫിസിലേക്ക് ‘അമേരിക്കൻ എംബസിയിലേക്കു വിളിക്കൂ, നിങ്ങൾക്കായി വലിയൊരു വാർത്ത കാത്തിരിപ്പുണ്ട്’ എന്നു പറഞ്ഞ് ഒരു ഫോൺ വിളിയെത്തിയിരുന്നുവെന്ന കാര്യവും രേഖകളിലൂടെ പുറത്തുവന്നു.  
 
കെന്നഡി വധവും അന്വേഷണവുമായി ബന്ധപ്പെട്ട് നാഷണൽ ആർക്കൈവ്സില്‍ സൂക്ഷിച്ചിരുന്നതിൽ 2891 സുപ്രധാന രേഖകളായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. അരനൂറ്റാണ്ടിലധികമായി കാത്തുവച്ച നിഗൂഢതയുടെ എല്ലാ രേഖകളും ഒക്ടോബർ 26നു പുറത്തുവിടുമെന്നായിരുന്നു ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകൾ പുറത്തിറക്കുമെന്ന് ലോകം കരുതിയിരുന്നെങ്കിലും ദുരൂഹതകൾ ബാക്കിവച്ച് രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമായിരുന്നു സർക്കാർ ഓൺലൈനായി പ്രസിദ്ധീകരിച്ചത്. 

വെബ്ദുനിയ വായിക്കുക