ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചു; മൊസൂളിലെ 250 സ്ത്രീകളെ ഐഎസ് വധിച്ചു

വ്യാഴം, 21 ഏപ്രില്‍ 2016 (19:15 IST)
ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധിച്ചതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂളിലാണ് ഈ കൊടുംക്രൂരത നടന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള കുര്‍ദിഷ് വാര്‍ത്ത ഏജന്‍സിയായ അഹ്‌ലുല്‍ബേറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
 
മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഭീകരര്‍ ശ്രമം തുടങ്ങിയിരുന്നു. താത്‌കാലികമായി ഭീകരരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായ ഇവര്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സ്ത്രീകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് മാമുസിനി പറഞ്ഞു.
 
ഇതുവരെ ഏകദേശം 250 ഓളം സ്ത്രീകളെയാണ് ഇത്തരത്തില്‍ വധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കുടുംബങ്ങളെയും ഇല്ലാതാക്കുന്ന നടപടിയാണ് ഐ എസ് സ്വീകരിക്കുന്നത്. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെല്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ തോതില്‍ ലംഘിക്കപ്പെടുകയാണെന്നും അവര്‍ കച്ചവട സാധനങ്ങളായി മാത്രം ഉപയോഗിക്കപ്പെടുകയാണെന്നും പേട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍ പാര്‍ട്ടി നേതാവ് ഘയാസ് സുര്‍ചി പറഞ്ഞു.

വെബ്ദുനിയ വായിക്കുക