സ്വവര്‍ഗാനുരാഗികളെന്ന് ആരോപിച്ച് കുട്ടിയടക്കം പത്തുപേരെ ഐഎസ് വധിച്ചു
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (16:42 IST)
സിറിയയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ സ്വവർഗാനുരാഗികളെന്ന് ആരോപിച്ച് ഒരു കുട്ടിയടക്കം പത്ത് പേരെ ഐസിസ് വധിച്ചു. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷക സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യ സിറിയയിലെ റസ്താൻ നഗരത്തിൽ വച്ച് ഏഴു പുരുഷൻമാരെ സ്വവർഗാനുരാഗികളെന്നാരോപിച്ച് ഭീകരര്‍ വെടിവച്ച് കൊല്ലുകയായിരുന്നു.
ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരെ വടക്കൻ സിറിയയിലെ റിതാൻ നഗരത്തിൽ വച്ചുമാണ് വധിച്ചത്. പൊതുജനമധ്യത്തിൽവച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വവർഗരതി, ദുർമന്ത്രവാദം, സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനോടുള്ള അനുഭാവം തുടങ്ങിയവ ആരോപിച്ച് ഐഎസ് കൂട്ടക്കൊലകള്‍ സര്‍വ്വസാധാരണമാണ്.
മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ കണക്കു പ്രകാരം 2014 ജൂണിന് ഖലിഫേറ്റ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിനു ശേഷം മൂവായിരത്തിലധികം പേരെയാണ് ഐഎസ് ഭീകരർ വധിച്ചിരിക്കുന്നത്. ഇവരിൽ 1800 പേർ സാധാരണക്കാരാണ്.