അല്‍ ക്വയ്‌ദ സിറിയയിലേക്ക്; ലക്ഷ്യം ഐഎസിനെ തരിപ്പണമാക്കിയ ശേഷം യൂറോപ്പ് പിടിച്ചെടുക്കാന്‍, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നീക്കങ്ങള്‍ സജീവം

ചൊവ്വ, 17 മെയ് 2016 (08:30 IST)
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ സിറിയയിലേക്ക് പ്രവർത്തന മണ്ഡലം മാറ്റാൻ പാകിസ്ഥാന്‍ ഭീകരസംഘടനയായ അല്‍ ക്വയ്‌ദ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ശക്തമായ രീതിയില്‍ ഐഎസ് വളര്‍ന്നതോടെ സമ്പത്തിലും ആള്‍ബലത്തിലും തകര്‍ന്ന അല്‍ ക്വയ്‌ദയ്‌ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ സിറയയില്‍ എത്തിയേ മതിയാകുവെന്നാണ് യുഎസ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നത്.

സിറിയ കേന്ദ്രീകരിച്ചു ശക്തി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ യൂറോപ്പിലേക്കു പടര്‍ന്നു കയറാമെന്നും തുടര്‍ന്ന് ഐ എസിന്റെ സ്വാധീനം കുറച്ചു കൊണ്ടുവരാന്‍ സഹായകമാകുമെന്നുമാണ് അല്‍‌ക്വയ്‌ദയുടെ പ്രതീക്ഷ. ഐഎസ് വിരുദ്ധ പോരാട്ടവുമായി സിറിയയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പാകിസ്ഥാനിലെ അല്‍ക്വയ്‌ദയ്‌ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്‍നുസ്ര ഫ്രണ്ടിന്റെ പേരില്‍ സിറിയയില്‍ പിടിമുറുക്കാനാണു ശ്രമം.

പാകിസ്ഥാനിലുള്ള അല്‍ ക്വയ്‌ദ തലവൻ അയ്മൻ അൽ– സവാഹിരിയാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി സംഘടനയിലെ മുതിർന്ന അംഗങ്ങളിൽ പത്തോളം പേരെ അല്‍ ക്വയ്‌ദ സിറിയയിലേക്ക് അയച്ചു.

ഐഎസുമായി പോരടിച്ച് നിൽക്കുന്നതിന് സിറിയയിൽ അല്‍ ക്വയ്‌ദയുടെ  അടിസ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മുതിർന്ന പ്രവർത്തകരെ സിറിയയിലേക്ക് അയച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇരു ഭീകരസംഘടനയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.  സിറിയയില്‍ ഐഎസ് പക്ഷത്ത് 25,000 ഭീകരര്‍ ഉണ്ടെന്നാണു കണക്ക്. നുസ്ര ഫ്രണ്ടിന് 10,000 ഭീകരരുടെ പിന്തുണയുണ്ടെന്നും അവകാശവാദമുണ്ട്.

വെബ്ദുനിയ വായിക്കുക