തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം: 12 മരണം

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:17 IST)
ഐഎസ് ഐഎസ് ഭീകരരെ തടയാന്‍ സൈന്യം ഇടപെടുന്നില്ലെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ 12 മരണം. കുര്‍ദിഷ് അതിര്‍ത്തി പട്ടണമായ കൊബേനിലാണ് ആക്രമണം രൂക്ഷമായത്. കുര്‍ദ് ഭൂരിപക്ഷ മേഖലകളായ കിഴക്കന്‍ തെക്കു കിഴക്കന്‍ പ്രവിശ്യകളില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്ക് ഇരയായി.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. തലസ്ഥാനമായ അങ്കാറയിലും പ്രധാന നഗരമായ ഇസ്തംബൂളിലും പ്രതിഷേധം അലയടിക്കുകയാണ്. തെക്കു കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരമായ ദിയാര്‍ ബക്റില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ പ്രവിശ്യയായ മൂസിലില്‍ ഒരാളും തെക്കു കിഴക്കന്‍ പ്രവിശ്യയായ സീറത്തില്‍ രണ്ടുപേരും ബത്മാനില്‍ ഒരാളും മരിച്ചു. നൂറ് കണക്കിനാളുകളെ അറസ്റ്റു ചെയ്തു. എട്ടു പൊലീസ് ഉദ്യോഗസ്ഥരടക്കം 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം ഭയന്ന് ഇതുവരെ 2.8 ലക്ഷം പേരാണ് കൊബേനില്‍നിന്ന് പലായനം ചെയ്ത്. കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളായ ദിയാര്‍ ബക്ര്‍, സീറത്ത്, വാന്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക