അമേരിക്കന്‍ ആക്രമണത്തില്‍ ഐഎസിന്റെ രണ്ടാമൻ കൊല്ലപ്പെട്ടു
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പരമോന്നത നേതാക്കളില്‍ രണ്ടാമനായ ഫഹ്ദിൽ അഹമ്മദ് അൽ ഹയാലി (ഹാജി മുദസ്) അമേരിക്കയുടെ ഡ്രോൺ (ആളില്ലാ വിമാനം) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇറാഖിലെ മൊസൂളിൽ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഹാജി മുദസ് കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.
ഫഹ്ദിൽ അഹമ്മദ് അൽ ഹയാലി മൊസൂളിലൂടെ വാഹനത്തില്‍ പോകുമ്പാഴായിരുന്നു ആക്രമണം ഉണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഐഎസിന്റെ മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന അബു അബ്ദുല്ലയും കൊല്ലപ്പെട്ടു. എന്നാല്‍ സംഭവം ഐഎസ് സ്ഥിരീകരിച്ചിട്ടില്ല.
ഐഎസിന്റെ ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും നീക്കത്തിനു നേതൃത്വം നൽകിയിരുന്നത് ഹാജി മുദസ് ആയിരുന്നെന്നു വൈറ്റ്ഹൗസ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു. ഇറാഖിലെ ഐഎസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും ഹാജി മുദസ് ആയിരുന്നു. സിറിയയിലെ റാഖയിൽ കഴിഞ്ഞ മാസം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഐഎസിന്റെ മറ്റൊരു മുൻനിര നേതാവു കൊല്ലപ്പെട്ടിരുന്നു.