ഐ എസ് ഐ എസിനെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്തുമെന്ന് ഒബാമ

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (12:17 IST)
ഐ എസ് ഐ എസ് ഭീകര്‍ക്കെതിരെ സിറിയയിലും  വ്യോമാക്രമണം നടത്തണമെന്ന് അമേരിക്ക.അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ  വൈറ്റ് ഹൗസില്‍ നടത്തിയ 13 മിനിട്ട് നീണ്ട പ്രസംഗത്തിലാണ് സിറിയയിലും വ്യോമാക്രമണം നടത്താനുള്ള തീരുമാനത്തെപ്പറ്റി അറിയിച്ചത്.

ഭീകരര്‍ എവിടെയാണെങ്കിലും അമേരിക്കയ്‌ക്ക് ഭീഷണിയാണെങ്കില്‍  അവരെ വേട്ടയാടും. സിറിയയിലും ഐ. എസിനെതിരെ ആക്രമണത്തിന് മടിക്കില്ല. ഐ.എസിനെതിരായുള്ള സംയുക്ത  പോരാട്ടത്തിന് അമേരിക്ക നേതൃത്വം നല്‍കും ഒബാമ പറഞ്ഞു.

ഇത് കൂടാതെ ഐ.എസ് ഭീകരര്‍ക്കെതിരെ പോരാടുന്ന സംഘടനകള്‍ക്ക് സൗദി അറേബ്യയില്‍ ആയുധ പരിശീലനം നല്‍കാന്‍ 500 ദശലക്ഷം ഡോളര്‍ അനുവദിക്കാനും ഒബാമ യു എസ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയില്‍ ഐ എസ് ഐ എസ് ഭീകരര്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ഭീതിയെത്തുടര്‍ന്നാണ് അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇത് കൂടാതെ 475 സൈനികരെ ഇറാഖിലേക്ക് അയക്കാനും അമേരിക്ക തീ‍രുമാനിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്ക കരയുദ്ധത്തിനിറങ്ങില്ലെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്  പ്രക്ഷോഭകാരികളെ വകവരുത്താന്‍ രാസായുധം പ്രയോഗിച്ചപ്പോള്‍ വ്യോമാക്രമണം നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഐ എസ് ഐ എസ ഭീകരരെ നേരിടാനായി ഈ നിലപാടില്‍ മാറാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒബാമ.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക