ഐ‌എസ് ഭീകരര്‍ സിറിയയിലെ 21 നഗരങ്ങള്‍ പിടിച്ചെടുത്തു

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (11:58 IST)
ഇറാഖിലും സിറിയയിലുമായി ഇസ്ലാമിക ഭരണം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖില്‍ കനത്ത നാശം വിതക്കുന്നതിനു പുറമേ സിറിയയിലേക്കും വ്യാപിക്കുന്നതായി വാര്‍ത്തകള്‍.

സിറിയയിലെ 21 കുര്‍ദ്ദിഷ് നഗരങ്ങള്‍ ഭീകരര്‍ പിടിച്ചെടുത്തതായാണ് വിവരങ്ങള്‍. ഇതോടെ മേഖലയില്‍ നിന്ന് കുര്‍ദ്ദുകള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അലപ്പോ പ്രവിശ്യയിലെ അയന്‍ അല്‍-അറബിന് ചുറ്റുമുള്ള നഗരങ്ങളാണ് ഭീകരര്‍ പിടിച്ചെടുത്തത്.

നേരത്തേ ഇറാഖിലും സിറിയയിലും തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഖിലാഫത്ത് പ്രഖ്യാപിച്ച സംഘടന അവിടങ്ങളില്‍ മറ്റുമതസ്ഥരെ വ്യാപകമായി വേട്ടയാടിയിരുന്നു. ഇത് പേടിച്ചാണ് കുര്‍ദ്ദുകള്‍ പലായനം ചെയ്യുന്നത്.

അതിനിടെ ഇറാഖിനു പുറമേ സിറിയയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കാന്‍ അമേരിക്ക തയ്യാറെടുകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യവുമായി ചേര്‍ന്ന് ഐ‌എസ് ഭീകരരെ നേരിടാനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്. അതിനിടെ ഇറാഖില്‍ കരയാക്രമണത്തിനും അമേരിക്ക തയ്യാറായിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക