ഐഎസ് ഭീകരര്‍ ബാഗ്ദാദിനരികെ, ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വുമായി അമേരിക്ക

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (12:32 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് അരികിലത്തെയതായി അമേരിക്കന്‍ സേന. ബഗ്ദാദ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അരികെ ഐഎസ് വിമതര്‍ എത്തിയതായി യുഎസ് സൈനിക അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ നേതൃത്വത്തിലുള്ള വ്യോമാക്രമണം വഴി തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ പട്ടണമായ കൊബാനിയിലെ ഐ.എസ് മുന്നേറ്റം കുറക്കാനായിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 21 ബോംബാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്.

അതേ സമയം സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന വ്യോമാക്രമണത്തിന് യുഎസ് സൈന്യം പേരിട്ടു. ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ പെന്റഗണ്‍ ഈ പേര് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സാധാരണ സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു മുമ്പേ അതിന് പേരു നല്‍കി പ്രചാരണം നടത്തുന്ന രീതിയാണ് യുഎസ് സ്വീകരിക്കാറുള്ളത്.

ഐഎസ് മുന്നേറ്റം തടയുന്നതിനായി, താഴ്ന്നുപറക്കുന്ന പൈലറ്റില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം ശക്തമാക്കിയതായി യുഎസ് സേനാ മേധാവി ജന. മാര്‍ട്ടിന്‍ ഡെംപ്സി പറഞ്ഞിരുന്നു. ഇതുവഴി രണ്ട് സിറിയയിലെ ഐഎസ് സേനാ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ കഴിഞ്ഞതായി യുഎസ് സേന അവകാശപ്പെട്ടു. ഒരു കെട്ടിടവും രണ്ടു വാഹനങ്ങളും മൂന്നു വളപ്പുകളും നശിപ്പിച്ചതായി അവര്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക