ഇറാന്‍ ആണവചര്‍ച്ച; പ്രതീക്ഷകള്‍ വാനോളം, പിണക്കം പരസ്യമാക്കി ഇസ്രായേല്‍

ശനി, 4 ഏപ്രില്‍ 2015 (08:35 IST)
ഇറാന്റെ ആണവപദ്ധതി നിയന്ത്രണവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ ശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായതായി സൂചനകള്‍. ആണവ വിഷയത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കരാര്‍ ഉണ്ടാക്കാന്‍ ഇറാനും മറ്റു രാജ്യങ്ങളും ധാരണയിലായി. സ്വിറ്റ്സര്‍ലന്‍ഡില്‍ എട്ടുദിവസത്തെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനുമായി ഇതുസംബന്ധിച്ചു ചട്ടക്കൂടിനു രൂപംനല്‍കിയത്. അന്തിമ ഉടമ്പടിയിലേക്കുള്ള പ്രാഥമിക ചുവടു മാത്രമാണ് പിന്നിട്ടതെങ്കിലും നിര്‍ണായകമായ വഴിത്തിരിവായി ഇതു വിലയിരുത്തപ്പെടുന്നു.

ചര്‍ച്ച വിജയമാണെന്ന് അറിഞ്ഞതോടെ ഇറാനിലെ തെരുവുകളില്‍ ആഘോഷം അണപൊട്ടി. രാജ്യാന്തരസമൂഹത്തിലെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നും സാമ്പത്തികരംഗത്തിന് ഉണര്‍വുണ്ടാകുമെന്നുമുള്ള പ്രതീക്ഷയായിരുന്നു ആഘോഷങ്ങള്‍ക്കുപിന്നില്‍. പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിനും അഭിവാദ്യമര്‍പ്പിച്ചു മുദ്രാവാക്യങ്ങള്‍ മുഴങ്ങി. അതിനിടെ ആണവകരാര്‍ സംഭവത്തില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇറാനുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായതൊടെയാണ് എണ്ണവില ബാരലിന് 49 ഡോളറിലേക്ക് കൂപ്പ് കുത്തിയത്.

ഇറാനുമായുള്ള ചരിത്രപരമായ ധാരണയെന്നാണ് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പൊന്നുമില്ലെന്നു മുന്നറിയിപ്പുനല്‍കാനും ഒബാമ മറന്നില്ല. എന്നാല്‍ ഇറാനുമായുള്ള കരാര്‍ ഇസ്രയേലിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യണമെന്നാണ് ഇന്ത്യ എക്കാലവും ആവശ്യപ്പെട്ടിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.  

ചര്‍ച്ചകള്‍ തുടര്‍ന്നും വിജയമായാല്‍ പന്ത്രണ്ടുവര്‍ഷമായി മുറുകിനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ഇറാന്‍ നേരിടുന്ന സാമ്പത്തിക ഉപരോധവും അവസാനിക്കും. ജൂണ്‍ മുപ്പതോടെ ഇറാനുമായി ഉടമ്പടിയിലെത്താനാണു ലക്ഷ്യമിടുന്നത്. അന്തിമ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ ഇറാനു മേലുള്ള ഉപരോധം രാജ്യാന്തരസമൂഹം തുടരും. യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇറാനുമായി ചര്‍ച്ചകള്‍ നടത്തിയത്. കൂടുതല്‍ കാര്യങ്ങളില്‍ ചര്‍ച്ചതുടരുമെന്ന് ഇരുപക്ഷവും പറഞ്ഞു. എന്നാല്‍ പുതിയ കരാറിലെ വ്യവസ്ഥകള്‍ തീര്‍ത്തും ദുര്‍ബലമാണെന്നും ജൂണ്‍ 30നു മുന്‍പ് ഇതു പൊളിയാനിടയുണ്ടെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ധാരണയുണ്ടാക്കുന്നതു പോലെ എളുപ്പമാവില്ല അന്തിമ ഉടമ്പടിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക