ഇന്ത്യയും വിയറ്റ്‌നാമും എഴ് കരാറുകളില്‍ ഒപ്പുവച്ചു

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (09:37 IST)
തന്ത്രപ്രധാനമായ എണ്ണ മേഖലയിലെ  സഹകരണം ഉള്‍പ്പെടെ  ഏഴ് കരാറുകളില്‍ ഇന്ത്യയും വിയറ്റ്‌നാമും ഒപ്പുവച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിന് വിയറ്റ്‌നാമിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവിടത്തെ രാഷ്ട്രപതി ട്രുവോങ് ടാന്‍ സംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. രാഷ്ട്രീയം, പ്രതിരോധം, സാമ്പത്തികം, സുരക്ഷ, ശാസ്ത്രസാങ്കേതികം, തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ചര്‍ച്ചയില്‍ തീരുമാനമായി. കൂടാതെ ഏഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും  വളര്‍ച്ചയും ഉറപ്പാക്കാനും ധാരണയാ‍യി.
 
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ കപ്പലോടിക്കുന്നതിന് യാതൊരു തടസവും ഉണ്ടാവാതിരിക്കാനുള്ള ഉടമ്പടിയിലും ഒപ്പുവച്ചു. ഇത് ഇന്ത്യയ്ക്ക് ചൈനാ കടലിലുള്ള സ്വാധീനം വര്‍ധിപ്പിക്കും. തെക്കന്‍ ചൈനാ കടലിനെ തങ്ങളുടെ സ്വാധീന കേന്ദ്രമാക്കാനുള്ള ശ്രമം  ചൈന ഇപ്പോഴും തുടരുന്നുണ്ട്.  വിയറ്റ്‌നാമും  ഫിലിപ്പീന്‍സും ഉള്‍പ്പെടെയുള്ള  രാജ്യങ്ങള്‍ ഇത് ഗൗരവമായി കണ്ടിട്ടില്ല. ഈ മേഖലയിലുള്ള ഇന്ത്യയുടെ കടന്ന് വരവ് സമാധാനം മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് രാഷ്ട്രപതി അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷ, കടല്‍ക്കൊള്ള തടയുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഉടമ്പടിയില്‍ പറയുന്നു. 
 
വിയറ്റ്‌നാമിന് പ്രതിരോധ സാമഗ്രികള്‍  വാങ്ങുന്നതിന് 10 കോടി യുഎസ്  ഡോളര്‍ ഇന്ത്യ കടമായി നല്‍കും. ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വീസായ ജറ്റ് എയര്‍വൈസും വിയറ്റ്നാം എയര്‍ലൈന്‍സും തമ്മില്‍ സഹകരിച്ച് ഇരുരാജ്യത്തേയ്ക്കും വിമാന സര്‍വീസ് നടത്താനും  ധാരണയായി.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക