‘പ്രവചനങ്ങള്‍ സത്യമായതോടെ പ്രണയം തളിര്‍ത്തു’; ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി - വധു ആത്മീയ ഉപദേശക
തിങ്കള്‍, 19 ഫെബ്രുവരി 2018 (10:46 IST)
മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തെഹരിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്റ മനേകയാണ് വധു. ഇമ്രാൻ ഖാന്‍റെ മൂന്നാമത്തെ വിവാഹമാണിത്.
മനേകയുടെ സഹോദരന്റെ ലാഹോറിലെ വസതിയില്‍ ഞായറാഴ്ച നടന്ന ലളിതമായ വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പിങ്കി പിർ എന്നറിയപ്പെടുന്ന മനേകയ്ക്ക് ആദ്യ വിവാഹ ബന്ധത്തിൽ അഞ്ച് മക്കളുണ്ട്.
ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ തുടങ്ങിയത്. മനേക നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചതോടെ ആ അടുപ്പം ദൃഢമായി. ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയുമായിരുന്നു.
പാക് ബ്രിട്ടീഷ് പത്രപ്രവർത്തക ജെമിന ഗോൾഡ് സ്മിത്തായിരുന്നു ഇമ്രാന്‍റെ ആദ്യഭാര്യ. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് 2015 ജനുവരിയിൽ പാക് ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്തു. എന്നാൽ 10 മാസം മാത്രമാണ് ഈ ബന്ധം നീണ്ടു നിന്നത്.