മക്കയെ ലക്ഷ്യംവച്ച് വന്ന മിസൈല്‍ സഖ്യസേന തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം

വെള്ളി, 28 ഒക്‌ടോബര്‍ 2016 (15:51 IST)
യെമനിലെ ഹൂതി വിമതർ മക്ക ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ അറബ് സഖ്യസേന തകർത്തു. യെമനിലെ സആദ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ വിഭാഗം അറിയിച്ചു.

ഹൂതി വിമതരുടെ ശക്തി കേന്ദ്രമായ യെമനിലെ സആദ പ്രവിശ്യയില്‍ നിന്ന് തൊടുത്തുവിട്ട ബാലിസ്‌റ്റിക് മിസൈല്‍ മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെവച്ച് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ജാഗ്രതയോടെയിരുന്ന സേന മിസൈല്‍ വരുന്നതായി മനസിലാക്കി അതിവേഗം പ്രവര്‍ത്തിക്കുകയായിരുന്നു.

മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ സ്ഥിതി ചെയ്യുന്നത്. ബാലിസ്റ്റിക് മിസൈലായ ബുർകാൻ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതർ സ്ഥിരീകരിച്ചു.

മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയായിരുന്നു ഹൂതി വിമതർക്ക് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക