ഐസ്ലൻഡിൽ അവധി ആഘോഷിക്കാനെത്തിയ 77 കാരി ഫോട്ടോ എടുക്കാൻ ഐസ് കട്ടയ്ക്കു മുകളിൽ ഇരുന്ന് ചിത്രത്തിനു പോസ് ചെയ്യവേ കടലിൽ മുങ്ങി. തിരമാല എടുത്തുകൊണ്ടു പോയ ഇവരെ തീരസംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് രക്ഷപെടുത്തിയത്. ടെക്സാസിൽ നിന്നുളള ജൂഡിയറ്റ് സ്ട്രെങാണ് ജോകുൽസാർലനിലുളള ഡയമണ്ട് ബീച്ചിൽ കുടുംബസമേതം അവധി ആഘോഷിക്കാൻ എത്തിയത്. സിംഹാസനത്തിന്റെ രൂപത്തിലുളള ഐസ് കട്ടയ്ക്കു മുകളിലിരുന്നു ചിത്രത്തിനു പോസ് ചെയ്യവേയാണ് ഇവർ കടലിലേക്കു മുങ്ങിയത്.
ഇവരുടെ കൊച്ചുമകളാണ് ഇതിന്റെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വെളളത്തിൽ ഒഴുകിയപ്പോൾ മുത്തശ്ശിയുടെ രാജപദവി നഷ്ടമായി എന്ന അടിക്കുറിപ്പോടു കൂടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. മകനോട് ചിത്രം എടുക്കാൻ ആവശ്യപ്പെട്ടാണ് ജൂഡ് ഐസ് കട്ടയ്ക്കു മുകളിൽ ഇരുന്നത്. എന്നാൽ മകൻ ചിത്രമേടുക്കുന്നതിനിടയിൽ ഒരു കൂറ്റൻ തിരമാല വരികയും ഐസ് കട്ട പൊടിയുകയും ഇവർ കടലിൽ പതിക്കുകയും ചെയ്യുകയുമായിരുന്നു.