മണം പിടിച്ച് തനിക്കിണങ്ങുന്ന കാമുകനേ അല്ലെങ്കില്‍ കാമുകിയേ കണ്ടെത്താന്‍ കഴിയുമോ? കഴിയുമെന്നാണ് ലണ്ടണിലെ യുവാക്കള്‍ പറയുന്നത്. ഇതിനായി അവിടെ ഒരു മേള തന്നെ നടത്തുകയാണ് ഇപ്പോള്‍. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഒരു ശാസ്ത്രജ്ഞനാണ് മൃഗങ്ങളെപ്പോലെ മണം പിടിച്ച് ഇണയെ കണ്ടെത്താന്‍ മനുഷ്യനും സാധിക്കുമെന്ന് 1995ല്‍ കണ്ടെത്തിയത്.
ഇതോടെ അമേരിക്കക്കാരാണ് ഈ സംഭവം പരീക്ഷിച്ചത്. സംഗതി ക്ലിക്കായതോടെ അമേരിക്കയില്‍ ഇത്തരം മേളകള്‍ പതിവായി. ലണ്ടണ്‍ യുവത്വവും ഇതൊന്ന് പരീക്ഷിച്ചറിയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഫിറമോണ്‍ പാര്‍ട്ടിയെന്നാണ് ഈ സെലക്ഷന്‍ മേളയുടെ പേര്.
മൂന്നു രാത്രികളില്‍ ധരിച്ച് കിടന്നുറങ്ങിയ ടീ ഷര്‍ട്ട് അലക്കാതെ, വെള്ളം നനയ്ക്കാതെ പെര്‍ഫ്യൂം ഉപയോഗിക്കാതെ കവറിലാക്കി വച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇത് മണത്തു നോക്കി തനിക്കിഷ്ടമുള്ള ടീഷര്‍ട്ട് തെരഞ്ഞെടുക്കം.
മണം പിടിച്ച് ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ ആ ബാഗോടു കൂടി അപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കാം. എന്നിട്ട് ആ ഫോട്ടോ ഹാളില്‍ പ്രൊജക്ട് ചെയ്യും. ആരുടെ ബാഗാണോ കൈയിലെന്ന് നമ്പര്‍ നോക്കി തിരിച്ചറിയാം. ബാഗിന്റെ ഉടമ ഇത് കണ്ട് അവിടെയെത്തുന്നു. തുടര്‍ന്ന് അവര്‍ക്ക് തമ്മില്‍ ബന്ധം തുടരുകയോ വേണ്ടെന്ന് വയ്ക്കുകയോ ആകാം.
ഇത് രണ്ടാം തവണയാണ് ലണ്ടണില്‍ ഇത്തരം മേള നടക്കുന്നത്. ഇതിനുമുമ്പ് മേളയില്‍ പങ്കെടുത്ത ആറു പേര്‍ക്ക് അവരുടെ പങ്കാളിയെ കണ്ടുപിടിക്കാനായി. എന്നാല്‍ അവരുടെ ഭാവിയെന്തായി എന്ന് ആര്‍കും അറിയുക പോലുമില്ല.
എങ്കിലും ഇപ്പോള്‍ നടക്കുന്ന മേളയില്‍ യുവാക്കളുടെ തള്ളിക്കയറ്റമാണെന്നാണ് വാര്‍ത്തകള്‍. 12 യൂറൊ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടും നൂറുകണക്കിനാളുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണെന്നത് മേള യുവാക്കള്‍ക്കിടയില്‍ ഹരമായി എന്നതിന്റെ സൂചനയാണ്.